വ്യാപാരസ്ഥാപനവും പിക്അപ് വാനും കത്തിനശിച്ചു
text_fieldsതീപിടിത്തത്തിൽ കത്തിനശിച്ച വ്യാപാര സ്ഥാപനവും പിക്അപ് വാനും
മൂവാറ്റുപുഴ: തീപിടിത്തത്തിൽ വ്യാപാര സ്ഥാപനവും പിക്അപ് വാനും ഭാഗികമായി കത്തിനശിച്ചു. ആനിക്കാട് ചിറപ്പടിയിൽ തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. ആനിക്കാട് സ്വദേശി ഷിനാജിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കടക്ക് മുന്നിൽ നിർത്തിയിട്ട വാനുമാണ് തീപിടിച്ച് നശിച്ചത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാസേന എത്തി തീയണച്ചു. പിക്അപ് വാനിന്റെ പിൻഭാഗവും കടയുടെ പകുതി ഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തീപിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം സെക്രട്ടറി മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. ലഹരിമാഫിയ സംഘം തീയിട്ടതാണന്ന് ആരോപിച്ചാണ് പരാതി. ഷിനാജ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയാണ്. പ്രദേശത്ത് ലഹരി ഉപയോഗം വർധിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് തീയിട്ടതാണെന്നാണ് പരാതിയിലുള്ളത്.
ആഗസ്റ്റ് 31ന് സ്ഥാപനത്തിനടുത്തിരുന്ന് ലഹരി ഉപയോഗിച്ച സംഘത്തെ ഷിനാജ് ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന് കടയുടെ സമീപം കാമറ സ്ഥാപിച്ചു. കാമറ തിരിച്ചുവെച്ചാണ് കടക്ക് തീയിട്ടതെന്നാണ് ആരോപണം. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി.