പൈപ്പ് പൊട്ടൽ തുടർക്കഥ; കുടിവെള്ളം മുട്ടി നാട്ടുകാർ
text_fieldsകാവുംപടി റോഡിൽ ഹൗസിങ് സഹകരണ സംഘത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാൻ തുടങ്ങിയപ്പോൾ
മൂവാറ്റുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് പതിവായതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാർ. ഏറ്റവുമൊടുവിൽ നഗരത്തിലെ കാവുംപടി റോഡിൽ ഹൗസിങ് സഹകരണ സംഘത്തിന് സമീപമാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിപ്പോയത്. മൂന്നു ദിവസം മുമ്പ് പൊട്ടിയ പൈപ്പ് ഇതുവരെ അറ്റകുറ്റപ്പണികൾ തീർത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല.
ഇതുമൂലം നഗരത്തിന്റെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ ദുരിതത്തിലായി. വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പാണ് വലിയ ശബ്ദത്തോടെ പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ കിഴക്കേക്കര, കാവുംപടി പ്രദേശങ്ങളിലെ കുടിവെള്ള വിതരണം പൂർണമായും നിലച്ചു. ഇതിനു സമീപം കഴിഞ്ഞ മാസവും പൈപ്പ് പൊട്ടിയിരുന്നു.
40 വർഷത്തോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പാണ് ഇവിടെ മണ്ണിനടിയിലൂടെ പോയിരുന്നത്. ആറ് മീറ്റർ നീളവും 250 എം.എം വീതിയുമുള്ള ഈ പൈപ്പ് ആറടി താഴ്ചയിലാണ് സ്ഥാപിച്ചിരുന്നത്. കാലപ്പഴക്കം കൊണ്ട് ജീർണിച്ച പൈപ്പിന്റെ അടിഭാഗമാണ് പൊട്ടിയത്. തുടർച്ചയായി പൈപ്പ് പൊട്ടുന്നത് അവസാനിപ്പിക്കാൻ ശാശ്വതമായ പരിഹാരം കാണാൻ വാട്ടർ അതോറിറ്റി തയാറാകാത്തതാണ് അടിക്കടി പൈപ്പ് പൊട്ടുന്നതിന് കാരണമാകുന്നത്. കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ട് ദിവസമായിട്ടും അധികാരികൾ നിസ്സംഗത തുടരുന്നതിനെതിരെ പ്രതിഷേധം രൂക്ഷമായി.
ജീർണിച്ച പൈപ്പുകൾ മാറ്റി പുതിയ പൈപ്പിടുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്. പ്രതിഷേധമുയർന്നതോടെ വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പമ്പിങ് തുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.



