അവധിയല്ലേ, ഒരു യാത്രപോയാലോ... നഗരക്കാഴ്ചയും തീരഭംഗിയുമെല്ലാം ഒത്തുചേരുന്ന ജില്ലയിൽ കാണാനേറെ
text_fieldsകൊച്ചി: എല്ലാ കാലത്തും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിലേറെയും. വിഷു - ഈസ്റ്റർ അവധികളും വിദ്യാർഥികളുടെ മധ്യവേനലവധിയും വന്നെത്തിയതോടെ വിവിധ സഞ്ചാര കേന്ദ്രങ്ങൾ കാണാൻ പോകാം. സംസ്ഥാനത്തെ ഏറ്റവും പ്രധാന നഗരക്കാഴ്ചയും പ്രകൃതിമനോഹരമായ കിഴക്കൻ മേഖലയും തീരഭംഗിയുമെല്ലാം ഒത്തുചേരുന്ന എറണാകുളം ജില്ലയിൽ തന്നെയുണ്ട് കാണാനേറെ. ഒരു ദിവസം കൊണ്ടോ ഒന്നിലധികം ദിവസത്തേക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് നിരവധി ഓപ്ഷനുകളാണ് മുന്നിലുള്ളത്. അവധിക്കാലം ആരംഭിച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലൊക്കെ സഞ്ചാര പ്രേമികളുടെ തിരക്കേറിയിട്ടുണ്ട്.
മെട്രോയും മാളുകളും ഒക്കെയായി നഗരക്കാഴ്ചകൾ
മെട്രോ, ജലമെട്രോ യാത്രകൾ, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവ്, ക്വീൻസ് വാക്ക് വേ തുടങ്ങിയ സ്ഥലങ്ങളിലെ മനോഹരക്കാഴ്ചകൾ, ലുലു, സെന്റർ സ്ക്വയർ തുടങ്ങിയ പ്രധാന മാളുകളിലെ സന്ദർശനം എന്നിവയൊക്കെയായി നഗരക്കാഴ്ചകൾ കളറാണ്. മറൈൻ ഡ്രൈവിലെ ബോട്ട് യാത്രയും റോ-റോ സർവിസുകളും മികച്ച യാത്ര അനുഭൂതി നൽകുന്നതാണ്. മറൈൻ ഡ്രൈവിലിലൂടെ നടന്ന് ഹൈകോടതി ജങ്ഷനിലെത്തിയാൽ ജല മെട്രോയിൽ കയറി യാത്രപോകാം. കായൽ ഭംഗി ആസ്വദിച്ച് ഫോർട്ട് കൊച്ചിയിലേക്കും വൈപ്പിനിലേക്കുമൊക്കെ സഞ്ചരിക്കാം. വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കും ജല മെട്രോ സർവിസുണ്ട്. കൊച്ചിയുടെ പുരാതന പാരമ്പര്യം പേറുന്ന നിരവധി പള്ളികളും കെട്ടിടങ്ങളും ജ്യൂ സ്ട്രീറ്റ് പോലുള്ള സ്ഥലങ്ങളും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളുടെ ആകർഷണങ്ങളാണ്. മംഗള വനം, ബോൾഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹിൽ പാലസ് തുടങ്ങിയവയും യാത്രാകേന്ദ്രങ്ങളാണ്. നഗരത്തോട് ചേർന്ന് കിടക്കുന്ന കടമക്കുടി ഐലന്റിലേക്കും നിരവധി ആളുകൾ എത്തുന്നുണ്ട്. വണ്ടർലാ അമ്യൂസ്മെന്റ് പാർക്കും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. എറണാകുളം സൗത്തിൽ നിന്ന് ബസ് കയറി കാക്കനാട് വന്ന ശേഷം പള്ളിക്കര വഴി പോകുന്ന ബസിൽ കയറിയാൽ വണ്ടർലായിലെത്താം.
പ്രകൃതിഭംഗി ആസ്വദിക്കാം...
ആലുവ- മൂന്നാർ പാതയിലൂടെ സഞ്ചരിച്ച് ഭൂതത്താൻകെട്ടിൽ എത്തിയാൽ ഡാമിന്റെ ഭംഗിയും പെരിയാറിലുടെയുള്ള ബോട്ടിങ്ങും വനയാത്രയുമൊക്കെയായി ദിവസം ഗംഭീരമാക്കാം. അവിടെ നിന്ന് തട്ടേക്കാട് എത്തി പക്ഷി സങ്കേതവും മ്യൂസിയവും ഇഞ്ചത്തൊട്ടി തൂക്കുപാലവും സന്ദർശിക്കാം. കൂടാതെ കോടനാടേക്ക് വന്നാൽ കാട്ടാന പരിശീലന കേന്ദ്രവും മൃഗശാലയും സന്ദർശിക്കാം. അതിന് സമീപമാണ് കപ്രിക്കാട് അഭയാരണ്യവും പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രവും. പെരിയാറിന് സമീപത്ത് ആനകളെ കുളിപ്പിക്കുന്നതും, മിനി മൃഗശാല, ചിത്രശലഭ പാർക്ക്, ഫലവൃക്ഷത്തോട്ടം എന്നിവ കാഴ്ചക്കാരുടെ മനം നിറക്കും.
അയ്യമ്പുഴ പഞ്ചായത്തിൽ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഏഴാറ്റുമുഖം പ്രകൃതിഗ്രാമവും ഒരു പ്രധാന സഞ്ചാര കേന്ദ്രമാണ്. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായുള്ള മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. കൂടാതെ പിറവത്തിനടത്തുള്ള അരീക്കൽ വെള്ളച്ചാട്ടം, വേങ്ങൂരുള്ള പാണിയേലി പോര് എന്നിവയും പ്രധാന ആകർഷണമാണ്.
ബീച്ചുകളിൽ കറങ്ങാം
മനോഹരമായ സായാഹ്നങ്ങൾ തേടി ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലൊന്നാണ് ബീച്ചുകൾ. പുതുവൈപ്പ്, കുഴുപ്പിള്ളി, ചെറായി എന്നിവടങ്ങളിൽ അസ്തമയവും പുലർകാലവും ആസ്വദിക്കാൻ നിരവധിപേർ എത്തുന്നുണ്ട്. അതേസമയം ഫോർട്ട്കൊച്ചി ഭാഗത്തേക്ക് വന്നാൽ ബീച്ചിന് പുറമെ കുമ്പളങ്ങി ടൂറിസം വില്ലേജ്, വില്ലിങ്ടൺ ഐലന്റ് എന്നിവയും സഞ്ചാരികളെ കാത്തുനിൽക്കുന്നുണ്ട്.
മധ്യവേനലവധിക്കാലം ചെലവഴിക്കാൻ എറണാകുളത്തെത്തിയ സഞ്ചാരികൾ മറൈൻഡ്രൈവിൽ ബോട്ട് യാത്ര ആസ്വദിക്കുന്നു