അപകടക്കുഴികൾ മൂടിത്തുടങ്ങി
text_fieldsകൊച്ചി: നഗരത്തിലെ അപകടക്കുഴികളിൽ ചിലത് മൂടിത്തുടങ്ങി. നഗരത്തിൽ പല ഭാഗത്തായി റോഡിൽ നിരവധി കുഴികൾ രൂപപ്പെട്ടതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സംബന്ധിച്ച് ‘മാധ്യമം’ ദിവസങ്ങൾക്ക് മുമ്പ് വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴികൾ നികത്താൻ കോർപറേഷൻ മുന്നിട്ടിറങ്ങിയത്.
എന്നാൽ, ചിലയിടങ്ങളിലെ കുഴികൾ മൂടാൻ നടപടികളൊന്നും ഇതുവരെ സ്വീകരിക്കാത്തതും പരാതിക്കിടയാക്കുന്നുണ്ട്. പുല്ലേപ്പടി-തമ്മനം റോഡിൽ പുല്ലേപ്പടി പാലം മുതൽ കതൃക്കടവ് ജങ്ഷൻ വരെ ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിൽ പാച്ച് വർക്ക് ചെയ്തത്. കുഴികളിൽ ടാറിടുകയും മുകളിൽ ചാക്ക് വിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
മൂടാത്ത കുഴികൾ അനേകം
കതൃക്കടവിൽ നിന്ന് കലൂർ ഭാഗത്തേക്കുള്ള കുഴികളും തമ്മനം ഭാഗത്തേക്കുള്ള കുഴികളും ഇതുവരെ മൂടിയിട്ടില്ല. കതൃക്കടവ് സലഫി മസ്ജിദിന് സമീപം റോഡിന് മധ്യഭാഗം പൂർണമായും തകർന്നുകിടക്കുകയാണ്. ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവുകാഴ്ചയാണ്. സ്ഥിരം യാത്രക്കാരല്ലാത്തവരും രാത്രി യാത്ര ചെയ്യുന്നവരുമാണ് ഏറെയും കുഴികളിൽ വീഴുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും ബൈക്ക് യാത്രക്കാരനായ യുവാവ് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കുറച്ചുകൂടി മുന്നോട്ടുപോയാൽ കാരണക്കോടം പാലത്തിന് തൊട്ടു താഴെ ഭാഗത്ത് റോഡിന്റെ ഒരു വശം പൂർണമായും പൊളിഞ്ഞ സ്ഥിതിയിലാണ്.
ഇതുവഴി വാഹനങ്ങൾ മുന്നോട്ടെടുക്കാനാവാത്തത് പലപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്. ചെറിയ കയറ്റം കൂടിയായതിനാൽ കാറും ബൈക്കുമുൾപ്പെടെ വാഹനങ്ങൾ ഈ കുഴികളിൽ കുടുങ്ങുന്നതും സ്ഥിരമാണ്. തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി കോർപറേഷന്റെ ചുമതലയാണ്.
കുഴി മൂടാനായി കരാറുകാരെ ഏൽപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച വന്നെങ്കിലും കുഴിയിൽ വെള്ളം നിറഞ്ഞതിനാലാണ് പ്രവൃത്തി ചെയ്യാനാവാത്തതെന്നും പ്രദേശത്തെ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ വ്യക്തമാക്കി. എറണാകുളം ബാനർജി റോഡിൽ മാർക്കറ്റ് റോഡ് ജങ്ഷൻ, സ്റ്റേഡിയം ലിങ്ക് റോഡ്, പാലാരിവട്ടം പാലത്തിന് താഴെ ഭാഗം എന്നിവിടങ്ങളിലെല്ലാം അപകടം ഒളിഞ്ഞിരിക്കുന്ന വൻ കുഴികളുണ്ട്.
ഗോശ്രീ പാലത്തിൽ അപകട പരമ്പര; നാലുപേർക്ക് പരിക്ക്
കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിൽ തിങ്കളാഴ്ച രാവിലെ കുഴി മൂലമുണ്ടായ അപകട പരമ്പരയിൽ നാലുപേർക്ക് പരിക്ക്. ഇതിലൊരാൾക്ക് സാരമായ പരിക്കുണ്ട്. രാവിലെ പത്തിനാണ് സംഭവം. രണ്ടാം ഗോശ്രീ പാലത്തിൽ നിരവധി കുഴികളുണ്ട്. ഇതിൽ വീഴാതിരിക്കാനായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ചതോടെ പിന്നിൽ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ മറ്റൊരു സ്കൂട്ടറും വന്നിടിച്ചു. തൊട്ടുപിന്നാലെ വന്ന ബൈക്ക് അപകടത്തിൽ പെടാതിരിക്കാനായി വലത്തോട്ട് വെട്ടിച്ചപ്പോൾ വൈപ്പിൻ ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസിലും കൂട്ടിയിടിച്ച്, ബൈക്കുകാരൻ തെറിച്ച് പാലത്തിന്റെ കൈവരിക്കു സമീപം ചെന്നു വീണു. ഡി.പി വേൾഡ് ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയുമായ ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞിട്ടുണ്ട്. വീഴ്ചക്കിടെ കൈവരിയും കടന്ന് കായലിലേക്ക് പതിക്കാത്തത് ഭാഗ്യം കൊണ്ടാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആദ്യത്തെ സ്കൂട്ടറിലുണ്ടായിരുന്ന യുവാവ്, യുവതി, പിന്നിലെ സ്കൂട്ടറിലുണ്ടായിരുന്ന യുവാവ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെല്ലാം എറണാകുളത്തെ ആശുപത്രികളിൽ ചികിത്സ തേടി. അപകടത്തിൽ പെട്ട ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലം അറ്റകുറ്റ പണിക്കായി അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ തന്നെ ഈ പാലത്തിൽ രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതിനിടെയാണ് കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ ദുരിതം വിതക്കുന്നത്. ഇവിടെ റോഡിന് മധ്യഭാഗത്തായി പൊലീസ് സ്ഥാപിച്ച ട്രാഫിക് കോണുകൾ വരെ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചിട്ടുണ്ട്.