Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ്വകാര്യ ബസുകളുടെ...

സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാൺ

text_fields
bookmark_border
സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്ക്  കടിഞ്ഞാൺ
cancel
camera_alt

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ർ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അപകടകരമായ ഡ്രൈവിങ്ങിനും നിയമലംഘനങ്ങൾക്കും എതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 382 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങളിലായി 2,41,344 രൂപ പിഴ ചുമത്തി.

ഹൈകോടതി നിർദേശ പ്രകാരവും സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അപകടകരമായ ഡ്രൈവിങ്, മറ്റ് നിയമലംഘനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലുമാണ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ജില്ലയിൽ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. ആലുവ, കളമശ്ശേരി, കാക്കനാട്, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകൾ കേന്ദ്രീകരിച്ച് അഞ്ച് പ്രത്യേക സ്ക്വാഡുകളെ വിന്യസിച്ചായിരുന്നു പരിശോധന. വിവിധ വിഭാഗങ്ങളിലായി വ്യാപക നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

അമിതവേഗത്തിന് വളഞ്ഞ വഴി

സ്പീഡ് ഗവർണർ ഇല്ലാതെയോ പ്രവർത്തന രഹിതമാക്കിയോ സർവിസ് നടത്തിയ 28 കേസുകൾ കണ്ടെത്തി. വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിർണായകമായ വി.എൽ.ടി.ഡി/ജി.പി.എസ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുന്നത് ഗുരുതര നിയമലംഘനമാണ്. യാത്രക്കാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.

കണ്ടക്ടർക്ക് സാധുവായ ലൈസൻസ് ഇല്ലാതെ സർവിസ് നടത്തിയതിന് 89 കേസുകൾ രജിസ്റ്റർ ചെയ്തു. ബസുകളുടെ ഡോർ ഷട്ടറുകൾ തുറന്നിട്ട് സർവിസ് നടത്തിയതിന് 55 കേസുകളും വാഹനങ്ങളിലെ വി.എൽ.ടി.ഡി/ജി.പി.എസ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായതോ ഘടിപ്പിക്കാത്തതോ ആയതിന് 31 കേസുകളും ബ്ലൈൻഡ് സ്പോട്ട് മിറർ ഇല്ലാത്തതിന് 31 കേസുകളും കണ്ടെത്തി.

മത്സരയോട്ടം, മൊബൈൽ ഫോൺ ഉപയോഗം

അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഒമ്പത് കേസുകളും ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഏഴ് കേസുകളും കണ്ടെത്തി. ഡ്രൈവങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 14 കേസുകളും ട്രിപ്പ് കർട്ടൈൽമെന്റിന് 17 കേസുകളും രജിസ്റ്റർ ചെയ്തു. അനുവദിച്ച സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരെ വഴിയിൽ ഇറക്കുകയോ കയറ്റുകയോ ചെയ്തതിന് 14 കേസുകളും കണ്ടെത്തി.

പെർമിറ്റില്ലാതെ സർവിസ് നടത്തിയതിന് 12 കേസുകളും ഇൻഷുറൻസ് ഇല്ലാതെ സർവിസ് നടത്തിയതിന് രണ്ട് കേസുകളും കണ്ടെത്തി. എയർ ഹോൺ ഉപയോഗം, അനാവശ്യ ലൈറ്റുകളുടെ ഉപയോഗം, ഡ്രൈവിങ്ങിനിടെ പുകയില ചവക്കൽ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. എയർ ഹോൺ ഉപയോഗത്തിന് രണ്ടും അനാവശ്യ ലൈറ്റ് ഉപയോഗത്തിന് 16 ഉം പുകയില ചവച്ചതിന് 10ഉം കേസുകൾ രജിസ്റ്റർ ചെയ്തു. മറ്റ് വിവിധ നിയമലംഘനങ്ങളിലായി 43 കേസുകളും കണ്ടെത്തി.

28 വാഹനങ്ങളുടെ സർവിസ് നിർത്തിച്ചു

സുരക്ഷാ സംവിധാനങ്ങളിൽ കൃത്രിമം നടത്തി സർവിസ് നടത്തുന്നതിനെതിരെ പ്രത്യേക നടപടി സ്വീകരിച്ചു. സ്പീഡ് ഗവർണർ സംവിധാനങ്ങൾ മാറ്റുകയോ വിച്ഛേദിക്കുകയോ ചെയ്തതായി കണ്ടെത്തിയ 28 വാഹനങ്ങളുടെ സർവിസ് നിർത്തിവെക്കാനും സംവിധാനങ്ങൾ കൃത്യമായി പുനഃസ്ഥാപിച്ച് പരിശോധനക്ക് ഹാജരാക്കാനും നിർദേശം നൽകി. വാഹനങ്ങളുടെ നിർബന്ധിത സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യത്തിൽ സർവിസ് തുടരാൻ അനുവദിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പരിശോധന തുടരും -ആർ.ടി.ഒ

സ്വകാര്യ ബസുകളുടെ സമയക്രമം പാലിക്കാതെയുള്ള മത്സരയോട്ടം, അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്, സുരക്ഷ സംവിധാനങ്ങൾ പ്രവർത്തന രഹിതമാക്കൽ തുടങ്ങിയ പ്രവണതകൾ പൊതുനിരത്തിലെ അപകടസാധ്യത വർധിപ്പിക്കുന്നതാണെന്ന് എൻഫോഴ്സുമെന്‍റ് ആർ.ടി.ഒ ബിജു ഐസക് പറഞ്ഞു. നിയമങ്ങൾ പാലിച്ച് സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ഉറപ്പാക്കുക, സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും നിയന്ത്രിക്കുക, യാത്രക്കാരുടെ ജീവന് സംരക്ഷണം നൽകുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും പൊതുജനങ്ങളുടെ പരാതികളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:private buses Violation of law Transport Department MVD 
News Summary - Private buses face crackdown on violations
Next Story