നാലര നൂറ്റാണ്ടിന്റെ പെരുമ; അവിസ്മരണീയ കാഴ്ച വിരുന്നുമായി മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണ ചുമർചിത്രങ്ങൾ
text_fieldsമട്ടാഞ്ചേരി: ചുമർ ചിത്രകലയുടെ അവിസ്മരണീയ കാഴ്ച വിരുന്നാണ് മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണത്തെ ആസ്പദമാക്കിയുള്ള ചുമർചിത്ര രചനകൾ. രാമായണ മാസത്തിൽ ഈ ചുമർചിത്രങ്ങൾക്ക് പ്രസക്തി ഏറുകയാണ്. നാലര നൂറ്റാണ്ടിന്റെ പെരുമയും തനിമയുമാണ് ഈ രചനകൾക്കുള്ളത്. മട്ടാഞ്ചേരി കൊട്ടാരത്തെ യുനെസ്കോയുടെ പരിഗണന പട്ടികയിലിടം നേടാൻ സഹായിച്ചതിൽ ഈ പൗരാണിക ചുമർ ചിത്രരചനകൾക്കും ഒരു പങ്കുണ്ട്. 1557ലാണ് കൊട്ടാരം നിർമിച്ചതെന്നാണ് പറയപ്പെടുന്നത്.
പോർച്ചുഗീസ്-ഡച്ച് യുദ്ധത്തിൽ തകർന്ന കൊട്ടാരം 1650കളിൽ ഡച്ചുകാർ പുനർനിർമിച്ച് കൊച്ചി രാജവംശത്തിന് കൈമാറിയെന്നും,1660 കാലയളവിൽ പ്രകൃതിദത്ത കൂട്ടുകളുടെ നിറചാർത്തിൽ രചിച്ചതാണ് ചുവർചിത്രങ്ങളെന്നുമാണ് കണക്കാക്കുന്നത്. കൊച്ചി രാജക്കന്മാരുടെ ദേശ ഭരണകാലത്തെ ചിത്രകലോപാസകർക്കുള്ള പ്രോത്സാഹനമാണിതെന്നാണ് വിലയിരുത്തൽ. ഇല ചാറുകൾ കൊണ്ടുള്ള വർണങ്ങളാൽ തീർത്ത രാമായണ ചിത്രരചനകൾ ആയിരം ചതുരശ്രയടിയിലാണ് ഒരുക്കിയിരിക്കുന്നത്.
ദശരഥ മഹാരാജാവ് പുത്രകാമേഷ്ടിക്കായി ദേവതകളോട് പ്രാർഥിക്കുന്നത് മുതൽ രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ജനനം, സീതാസ്വയംവരം, വനവാസം,സീതാപഹരണം, ഹനുമാൻ കൂടിക്കാഴ്ച, അശോകവാടി, ലങ്കാദഹനം, രാവണ ധ്വംസനം, അയോധ്യപ്രവേശനം വരെ 48 ആവിഷ്കാര ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. രാജഭരണ കാലഘട്ടത്തെ ക്ഷേത്ര കലാരചനകളുടെ ശൈലിയിലാണ് ചുമർ ചിത്രരചനകൾ.