രേവതി: പവർലിഫ്റ്റിങ്ങിലെ മിന്നും താരോദയം
text_fieldsരേവതി സ്വർണമെഡലുമായി
കൊച്ചി: പരിമിതികളായിരുന്നു രേവതിയുടെ ‘പവർ’... അവളുടെ നിശ്ചയദാർഢ്യത്തിനൊപ്പം തോളിലേറിയത് ദേശീയ റെക്കോഡ്. പഞ്ചാബിൽ സമാപിച്ച ദേശീയ സീനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 2025ൽ കൊച്ചി നഗരത്തിലെ ഉദയ കോളനിയിൽനിന്നുള്ള കെ. രേവതിയാണ് ജൂനിയർ വിഭാഗത്തിലെ ദേശീയ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
പവർലിഫ്റ്റിങ് ഇന്ത്യ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 63 കിലോ വിഭാഗം ഡെഡ് ലിഫ്റ്റിൽ 167.5 കിലോ ഭാരം ഉയർത്തിയാണ് രേവതി കേരളത്തിനായി സ്വർണ മെഡൽ സ്വന്തമാക്കിയതും ഈ ഇനത്തിലെ ദേശീയ റെക്കോഡ് സ്വന്തമാക്കിയതും. എറണാകുളം മഹാരാജാസ് കോളജിൽ പി.ജി എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിനിയായ ഈ പെൺകുട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പെൺകുട്ടികളെയാണ് തോൽപ്പിച്ചത്.
പ്ലസ്ടു കാലം മുതൽ ചെറിയതോതിൽ പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് ഇനങ്ങളിൽ മാറ്റുരച്ചിട്ടുണ്ടെങ്കിലും ഇടക്കുണ്ടായ വാഹനാപകടം സ്വപ്നങ്ങൾക്ക് തൽക്കാലത്തേക്ക് വിരാമമിട്ടു. എന്നാൽ, ഒരു വർഷം മുമ്പ് വീണ്ടും കളത്തിലേക്കിറങ്ങിയ രേവതി, ജോർജ് ജേക്കബ് എന്ന കോച്ചിന്റെ കീഴിലായിരുന്നു പരിശീലനം.
ഗാന്ധിനഗറിലും പരിസരത്തും നടന്ന് ലോട്ടറി വിൽക്കുന്ന കറുപ്പുസാമിയുടെയും ഹരിതകർമ സേനാംഗമായ കണ്ണമ്മയുടെയും മകളാണ് രേവതി. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന പിതാവിന് കാര്യമായ വരുമാനമില്ല. അമ്മയുടെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് ഇവൾ ഇഷ്ടപ്പെടുന്ന പവർലിഫ്റ്റിങ്ങിൽ പരിശീലനത്തിനും മറ്റു ചെലവുകൾക്കുമുള്ള തുക കണ്ടെത്തുന്നത്. പരിശീലകനും ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകുന്നുണ്ടെന്ന് രേവതി പറഞ്ഞു. ഈ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കീഴടക്കണമെന്നാണ് ആഗ്രഹം. സഹോദരി അശ്വതി ബികോം വിദ്യാർഥിനിയാണ്.
ഫെബ്രുവരി 19 മുതൽ 23 വരെ നടന്ന ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് വ്യാഴാഴ്ച ട്രെയിൻ മാർഗം തിരിച്ചെത്തിയ രേവതിയെ ഏറെ അഭിമാനത്തോടെയാണ് കുടുംബം സ്വീകരിച്ചത്. ഉദയ കോളനിയിലുള്ളവരും രേവതിയുടെ നേട്ടത്തിൽ വലിയ സന്തോഷത്തിലാണ്. കോൺഗ്രസ് എളംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനചടങ്ങ് ഒരുക്കുമെന്ന് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി അജയ കുമാർ അറിയിച്ചു.


