എസ്.ഐ.ആർ; ജില്ലയിൽ 3,22,422 പേർ പുറത്ത്
text_fieldsകൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) ശേഷമുള്ള ജില്ലയിലെ കരട് വോട്ടർ പട്ടികയിൽനിന്ന് 3,22,422 പേർ പുറത്ത്. കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ ആകെ 23,30,643 പേരാണുള്ളത്.
ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് 3,22,422 പേരെ എസ്.ഐ.ആറിനു ശേഷം പുറത്തുവന്ന കരട് പട്ടികയിൽനിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയതായി കലക്ടർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലതല കരട് പട്ടിക കലക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി.
കരട് പട്ടികയിലില്ലാത്ത അർഹതയുള്ളവർക്ക് വോട്ടവകാശം നഷ്ടമാകില്ലെന്ന് കലക്ടർ അറിയിച്ചു. ഒഴിവാക്കപ്പെട്ടവർക്ക് ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും നൽകാൻ അവസരമുണ്ടെന്നും അവർക്ക് ഫോം 6 നൽകി അന്തിമ വോട്ടർ പട്ടികയിലേക്ക് പേര് ചേർക്കാവുന്നതാണെന്നും കലക്ടർ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
2,06,061 പേരെ ബന്ധിപ്പിക്കാനായില്ല
കരട് പട്ടികയിൽ ഉൾപ്പെട്ട 206,061 പേരെ 2002 എസ്.ഐ.ആർ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇവർക്കുവേണ്ടി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) പ്രത്യേക ഹിയറിങ്ങുകൾ നടത്തുമെന്നും കലക്ടർ പറഞ്ഞു. വോട്ട് ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്. അർഹതപ്പെട്ട എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.
എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബൂത്ത് ലെവൽ ഓഫിസർമാരെയും (ബി.എൽ.ഒ), ബി.എൽ.ഒ സൂപ്പർവൈസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും കലക്ടർ അഭിനന്ദിച്ചു.
സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു, ഡെപ്യൂട്ടി കലക്ടർമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഒഴിവാക്കപ്പെട്ടവർ
- 2025 ഒക്ടോബർ 27 വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നവർ: 26,53,065
- മരിച്ചവർ: 82,073
- കണ്ടെത്താനാകാത്തവർ: 96,506
- സ്ഥിരമായി താമസം മാറിയവർ: 89,067
- ഒന്നിൽ കൂടുതൽ പട്ടികയിൽ ഉള്ളവർ: 1,2,953
- മറ്റുള്ളവർ (എന്യൂമറേഷൻ ഫോം തിരിച്ചുനൽകാൻ വിസമ്മതിച്ചവർ ഉൾപ്പെടെ): 41823


