തെരുവിൽനിന്ന് വിടരുന്നു നിറ പുഞ്ചിരികൾ
text_fieldsകൊച്ചി നഗരത്തിലെ തെരുവിൽ കഴിയുന്നവർ
തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മനുഷ്യർ, കിടപ്പാടമോ ധരിക്കാൻ വസ്ത്രങ്ങളോ ഇല്ലാത്തവർ... കിട്ടുന്ന ഭക്ഷണംകൊണ്ട് വിശപ്പകറ്റി കഴിഞ്ഞുകൂടുന്നവർ... മെട്രോ തൂണുകൾക്കടിയിലും കടത്തിണ്ണകളിലുമാണ് ഇവരുടെ പ്രധാന അഭയകേന്ദ്രം. വഴിയോരങ്ങൾ മേൽവിലാസമായ ഇവർക്ക് സുരക്ഷിത പുനരധിവാസം ഉറപ്പാക്കുമ്പോൾ ജീവിതത്തിലെ ആകുലതകൾ ഒഴിയുകയാണ്. അവരുടെ മുഖത്ത് നിറയുന്ന സന്തോഷത്തെ നമുക്ക് സ്മൈൽ പദ്ധതിയെന്ന് വിശേഷിപ്പിക്കാം
കൊച്ചി: ഭിക്ഷ യാചിച്ച് തെരുവിൽ കഴിയുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിടുകയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലിഹൂഡ് ആൻഡ് എന്റർപ്രൈസ് (സ്മൈൽ). തെരുവിൽ കഴിയുന്നവരെ കൈപിടിച്ചുയർത്തുകയാണ് പദ്ധതിയിലൂടെ.
രാജ്യത്ത് 80 നഗരങ്ങളിൽ ആവിഷ്ക്കരിച്ച പദ്ധതി കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. കൊച്ചിയിലെ പദ്ധതിയുടെ ഇംപ്ലിമെന്റിങ് ഏജൻസി കോതമംഗലം പീസ് വാലിയാണ്. ജില്ല വികസന കമീഷണറാണ് സ്മൈൽ പദ്ധതിയുടെ നോഡൽ ഓഫിസർ. ഇപ്പോൾ ചുമതല വഹിക്കുന്നത് ഫോർട്ട്കൊച്ചി സബ് കലക്ടർ കെ. മീരയാണ്. പദ്ധതി പ്രകാരം നിരവധിയാളുകളെ പീസ് വാലിയിലെത്തിച്ച് പുതുജീവിതത്തിലേക്ക് എത്തിക്കുകയാണ്.
പുനരധിവാസം ലക്ഷ്യം
സർവേ, റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് സ്മൈൽ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായ സർവേ മുഖാന്തരം തെരുവിൽ കഴിയുന്ന സഹായം ആവശ്യമുള്ള ആളുകളെ കണ്ടെത്തുകയാണ് ചെയ്തത്.
2024 നവംബർ ഒന്നിന് എറണാകുളം നഗരത്തിൽ ഇടപ്പള്ളി മുതൽ മറൈൻഡ്രൈവ് വരെയും ഇടപ്പള്ളി മുതൽ വൈറ്റില വരെയുമുള്ള കോർപറേഷൻ പരിധിയിൽ സർവേ സംഘടിപ്പിച്ചു. പീസ് വാലിയുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പ് ജില്ല ഓഫിസുമായി സഹകരിച്ച് 40ഓളം എം.എസ്.ഡബ്ല്യു വിദ്യാർഥികൾ ഇതിനായി രംഗത്തിറങ്ങി.
തെരുവിൽ കഴിയുന്ന ആളുകളെ നേരിട്ട് കണ്ട് സംസാരിച്ച് വിവരശേഖരണം നടത്തി. തുടർന്ന് മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഭിക്ഷാടകരെ കണ്ടെത്താനും ശ്രമം ആരംഭിച്ചു. ചൊവ്വാഴ്ച ദിവസങ്ങളിൽ കലൂർ സെന്റ് ആന്റണീസ് പള്ളിയിലും വെള്ളിയാഴ്ചകളിൽ ബ്രോഡ് വേ, കലൂർ, കറുകപ്പള്ളി, ഇടപ്പള്ളി, വൈറ്റില എന്നിവിടങ്ങളിലെ മസ്ജിദുകൾ കേന്ദ്രീകരിച്ചുമൊക്കെ സർവേ പുരോഗമിച്ചു. 150ഓളം ആളുകളുമായാണ് ഇത്തരത്തിൽ വിശദമായി സംവദിച്ചത്. തെരുവിൽ കഴിയുന്നവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു.
24 പേർ പുതുജീവിതത്തിലേക്ക്
തെരുവിൽ ഭിക്ഷ യാചിച്ച് കഴിഞ്ഞിരുന്ന 24 പേരെ പുതിയ ജീവിതത്തിലേക്ക് എത്തിക്കാൻ പദ്ധതിയിലൂടെ സാധിച്ചു. പുനരധിവാസത്തിന് സ്വമേധയ താൽപര്യമുള്ളവരെയാണ് പീസ് വാലിയിലേക്ക് എത്തിച്ചത്. അവർക്ക് തൊഴിൽപരിശീലനം നൽകി വരികയാണ് പീസ് വാലി. തയ്യൽ പരിശീലനം, സോപ്പ്, ലോഷൻ, ഹാൻഡ് വാഷ് എന്നിവയുടെ നിർമാണമാണ് പരിശീലിപ്പിക്കുന്നത്.
ഭിക്ഷാടനം നടത്തുന്നവർ 50ൽ താഴെ
കൊച്ചി നഗരത്തിലെ തെരുവിൽ കഴിയുന്നവരിൽ 50ൽ താഴെ ആളുകൾ മാത്രമാണ് ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് പീസ് വാലി അധികൃതർ പറഞ്ഞു. ബാക്കിയുള്ള 300ഓളം ആളുകൾ ഏതെങ്കിലുമൊക്കെ അസംഘടിത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
പത്ത് ശതമാനം ആളുകളാണ് ലഹരിക്കടിപ്പെട്ടും മാനസിക വിഭ്രാന്തിയിലും അലയുന്നത്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക, ബീഹാർ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടുംബവുമായെത്തി കൂട്ടമായി കഴിയുന്നവരാണിവരിൽ അധികവും. വിവിധ ചാരിറ്റി പ്രവർത്തകർ നൽകുന്ന ഭക്ഷണം കഴിച്ചും പൊതുശൗചാലയങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് ഇവരുടെ ജീവിതം.