കരുതലായി സ്നേഹിത പൊലീസ് എക്സ്റ്റെൻഷൻ സെന്ററുകൾ
text_fieldsകോലഞ്ചേരി: അതിജീവിതകളുടെ കൈ പിടിച്ച് സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകൾ. ജില്ലയിൽ നാല് മാസത്തിനിടെ തുണയേകിയത് ഇരുനൂറിലേറെ അതിജീവിതകൾക്കാണ്. കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംസ്ഥാന ആഭ്യന്തര വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ തരത്തിലുള്ള കേസുകളുമായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയേകുകയാണ് കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്നത്.
ഒമ്പത് കേന്ദ്രങ്ങൾ: 200 കേസ്
സംസ്ഥാനത്ത് തന്നെ ഏറ്റവും, കൂടുതൽ പൊലീസ് എക്സ്റ്റൻഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ജില്ലകളിലൊന്നാണിത്. ഇവിടെ എറണാകുളം സിറ്റിയിൽ നാലും റൂറലിൽ അഞ്ചും കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. മട്ടാഞ്ചേരി എ.സി.പി ഓഫിസ്, എറണാകുളം എ.സി.പി ഓഫിസ്, തൃക്കാക്കര എ.സി.പി ഓഫിസ്, എറണാകുളം സെൻട്രൽ വനിത പൊലീസ് സ്റ്റേഷൻ, മുനമ്പം ഡി.വൈ.എസ്.പി ഓഫിസ്, മൂവാറ്റുപുഴ ഡി.വൈ.എസ്.പി ഓഫിസ്, പുത്തൻകുരിശ് ഡി.വൈ.എസ്.പി ഓഫിസ്, ആലുവ പൊലീസ് സ്റ്റേഷൻ, പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫിസ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. കഴിഞ്ഞ മാർച്ച് 15 മുതൽ ഇതുവരെ ഇവിടങ്ങളിലായി 200 പേർക്കാണ് കൈത്താങ്ങായത്.
കൂടുതൽ പേരെത്തിയത് മൂവാറ്റുപുഴയിൽ
ഇക്കാലയളവിൽ കുടുതൽ അതിജീവിതകൾ സഹായം തേടിയത്തിയത് മൂവാറ്റുപുഴയിലാണ്. 37 പേർ. മുനമ്പത്ത് 35 പേരും മട്ടാഞ്ചേരി എ.സി.പി ഓഫിസിലെ കേന്ദ്രത്തിൽ 32 പേരും കൗൺസലിങ്ങ് സഹായം സ്വീകരിച്ചു. തൃക്കാക്കരയിലാണ് ഏറ്റവും കുറവ് അതിജീവിതകളെത്തിയത്. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പൊലീസ് നിർദ്ദേശപ്രകാരമാണ് കൗൺസലിങ്ങടക്കം സഹായങ്ങൾ നൽകുന്നത്.
ആശ്വാസമേകി സ്നേഹിത കൗൺസലർമാർ
കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന് കീഴിൽ പ്രവർത്തിക്കുന്ന കമ്യൂനിറ്റി കൗൺസലർമാരാണ് കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ഇവരിവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം കാക്കനാട് പ്രവർത്തിക്കുന്ന ‘സ്നേഹിത’യുടെ ജില്ല കേന്ദ്രത്തിലും അതിജീവിതകൾക്കും കുട്ടികൾക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിക്രമങ്ങൾക്കി
രയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ താമസവും ഭക്ഷണവും വൈദ്യ-നിയമസഹായങ്ങളുമെല്ലാം നിശ്ചിതകാലത്തേക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച കൗൺസലർമാർ, സർവിസ് പ്രൊവൈഡർമാർ അടക്കം 11 വനിത ജീവനക്കാരും 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കേന്ദ്രത്തിലുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പർ: 180042555678, 8594034255. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ താമസവും ഭക്ഷണവും വൈദ്യ-നിയമസഹായങ്ങളുമെല്ലാം നിശ്ചിതകാലത്തേക്ക് ലഭ്യം