വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; കലൂർ സബ്സ്റ്റേഷനിൽ 220 കെ.വി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു
text_fieldsകൊച്ചി: കലൂർ സബ്സ്റ്റേഷനിലെ വൈദ്യുതി വിതരണത്തിലെ പ്രശ്നത്തിന് പരിഹാരമായി 220 കെ.വി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. പ്രശ്നം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ടി.ജെ. വിനോദ് എം.എൽ.എ നടത്തിയ ഇടപെടലുകളാണ് പരിഹാരം വേഗത്തിലാക്കാൻ വഴിയൊരുക്കിയത്. ബ്രഹ്മപുരം സബ്സ്റ്റേഷനിൽനിന്നുള്ള 220 കെ.വി ഫീഡറുകളിൽ തകരാർ സംഭവിച്ചതിനെത്തുടർന്ന് കലൂർ സബ്സ്റ്റേഷനിലേക്കുള്ള 220 കെ.വി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഇതുമൂലം കലൂർ സബ്സ്റ്റേഷൻ 110 കെ.വി വിതരണത്തെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. തകരാറിനെത്തുടർന്ന് കലൂരിലും കലൂർ സബ് സ്റ്റേഷനിലെ വിതരണത്തെ ആശ്രയിച്ചുകഴിയുന്ന പ്രദേശങ്ങളും രൂക്ഷമായ പ്രതിസന്ധിയിലായി.
ടി.ജെ. വിനോദ് എം.എൽ.എ വിഷയം വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ വേഗത്തിലാക്കി.
തകരാറിലായ 220 കെ.വി ഫീഡർ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ ചാർജ് ചെയ്ത് 24 മണിക്കൂർ നോ-ലോഡ് നിലയിൽ നിരീക്ഷണത്തിലാക്കി. തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് 1.21ന് ഫീഡർ ലോഡ് ചെയ്യുകയും കലൂർ സബ്സ്റ്റേഷനിലേക്കുള്ള 220 കെ.വി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.220 കെ.വി ഫീഡറിലെ തകരാർ മൂലം 110 കെ.വി വിതരണത്തിൽ പ്രവർത്തിച്ചിരുന്ന കലൂർ സബ്സ്റ്റേഷനിലെ ലോഡ് ക്രമീകരണങ്ങൾ ആവശ്യാനുസരണം പുനഃക്രമീകരിച്ചാണ് സബ്സ്റ്റേഷന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്.


