തെക്കൻ കടപ്പുറം ഇടിയുന്നു; തീരത്ത് നിരവധിപേർ വീണു
text_fieldsഇടിഞ്ഞുകൊണ്ടിരിക്കുന്ന ഫോർട്ട്കൊച്ചി തെക്കൻ കടപ്പുറം
ഫോർട്ട്കൊച്ചി: മഹാത്മാഗാന്ധി ബീച്ചിൽ തെക്കൻ കടപ്പുറം മേഖലയിൽ തീരം ഇടിയുന്നത് തുടരുന്നു. അടുത്തിടെയുണ്ടായ ശക്തമായ കടൽ കയറ്റത്തെ തുടർന്നാണ് തീരം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.
തീരം ചെറിയ തോതിൽ ഇടിയാൻ തുടങ്ങിയിട്ട് ഒരുമാസമായെങ്കിലും ഇതുവരെ ഇത് പ്രതിരോധിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിൽ, ഒരാഴ്ചയായി മേഖലയിലെ തെരുവുവിളക്കുകൾ തെളിയാത്തതിനാൽ പ്രദേശം കൂരാകുരിരുട്ടിലുമാണ്. ഞായറാഴ്ച ആയിരങ്ങളാണ് കടപ്പുറത്ത് സന്ദർശനത്തിനെത്തിയത്.
ഇടിഞ്ഞ ഭാഗത്തും പ്രവേശന ഭാഗത്തും കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർക്ക് തടഞ്ഞുവീണ് പരിക്കേൽക്കുകയും ചെയ്തു. തീരം ഇടിഞ്ഞതിനാൽ തെക്കൻ കടപ്പുറത്തേക്കുള്ള പ്രവേശന ഭാഗത്തുകൂടി കഷ്ടിച്ചു രണ്ടുപേർക്ക് കടന്നുപോകാനുള്ള വഴിയെയുള്ളൂ.
തിരക്കും ഇരുട്ടും മൂലം സ്ത്രീകൾ അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് ബീച്ചിലേക്ക് പ്രവേശിച്ചതും തിരിച്ച് ഇറങ്ങിയതും. തന്നെയുമല്ല തീരം മാലിന്യം നിറഞ്ഞു കിടക്കുകയാണ്. വടക്കൻ മേഖലയിലെ മാലിന്യം നല്ലൊരു ശതമാനം നാട്ടുകാരും ഹോളണ്ട് സ്വദേശി എറിക്കും ചേർന്ന് പായൽ കയറാതിരിക്കാൻ വേലി വല കെട്ടുകയും ശുചീകരിക്കുകയും ചെയ്ത് മനോഹരമാക്കിയപ്പോഴാണ് തെക്കൻ മേഖലയിൽ മാലിന്യം നിറഞ്ഞുകിടക്കുന്നത്.
ശുചീകരണം ശരിയായ രീതിയിൽ നടത്താതെ മേഖലയിൽ നടക്കു ന്ന സിനിമ ഷൂട്ടിങ്ങുകൾക്കും മറ്റും പണം വാങ്ങി സൊസൈറ്റി വെള്ളാനയായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.



