മീനാക്ഷി മുത്തശ്ശി@ 92; നാടിെൻറ അക്ഷര വെളിച്ചം
text_fieldsമീനാക്ഷി കുട്ടികളെ പഠിപ്പിക്കുന്നു
കാലടി: 92 വയസ്സാണ് മീനാക്ഷി മുത്തശ്ശിക്ക്. അവശതകൾ മറന്ന് ഈ പ്രായത്തിലും വീടിന് മൂന്ന് കി.മീ. അകലെ പാറക്കുളത്തുള്ള എസ്.എൻ.ഡി.പി. കെട്ടിടത്തിൽ കാൽനടയായ് എത്തിയാണ് കൊച്ചുകുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നത്. മാണിക്യമംഗലം കളരിക്കൽ വീട്ടിൽ മീനാക്ഷി 70 വർഷം മുമ്പാണ് കുട്ടികളെ മണലിൽ ഇരുത്തിയെഴുതിച്ച് ആദ്യാക്ഷരം പകർന്നുനൽകാൻ തുടങ്ങിയത്.
പഴയകാലത്ത് മണലിലും ഓലയിലും എഴുതിയാണ് പഠിപ്പിച്ചതെങ്കിൽ ഇപ്പോൾ അത് ബുക്കിലേക്ക് മാറിയെന്ന് പ്രദേശവാസികൾ സ്നേഹപൂർവം ആശാത്തി എന്ന് വിളിക്കുന്ന മീനാക്ഷി പറയുന്നു. ജന്മനാടായ തൃശൂർ ജില്ലയിലെ കൊടകരയിൽ ചെറുപ്രായത്തിൽ ആരംഭിച്ച പഠിപ്പിക്കൽ പിന്നെ കളരിക്കൽ ശേഖരെൻറ ഭാര്യയായി മാണിക്യമംഗലം ഗ്രാമത്തിൽ വന്നിട്ടും തുടർന്നു. ഭർത്താവും നിലത്തെഴുത്താശാനായിരുന്നു. ആറ് മക്കളുണ്ട്. രണ്ട് മരുമക്കൾ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നുണ്ട്. രാവിലെ ഒമ്പതുമുതൽ 12 വരെ പഠിപ്പിക്കൽ തുടരും.
കുട്ടികളെ പഠിപ്പിക്കുക, അവരോടൊത്ത് ഇരിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണെന്നും തന്നെക്കൊണ്ട് നടക്കാൻ കഴിയുന്നിടത്തോളംകാലം പഠിപ്പിക്കൽ തുടരുമെന്നും മീനാക്ഷി പറയുന്നു.