തെരുവുനായ് ആക്രമണം രൂക്ഷം; ഭീതിയിൽ ജനം
text_fieldsകൊച്ചി: പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങാൻ ഭയക്കുകയാണ് ജനം. ഏതുഭാഗത്ത് നിന്നാണ് കുരച്ച് ചാടിയെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടാകുകയെന്ന് അറിയില്ലെന്നതാണ് കാരണം. ഇടവഴി മുതൽ നടുറോഡിൽ വരെ ശല്യം രൂക്ഷമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 1.55 ലക്ഷം ആളുകളാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരവധി തെരുവ് നായ് ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ആശുപത്രിപരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലൊക്കെ നായ്ക്കൾ വിഹരിക്കുകയാണ്. മരട് നഗരസഭയിലെ 14-ാം ഡിവിഷനിൽ വിദ്യാർഥിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. നെട്ടൂരിൽ മദ്റസയിലേക്ക് പോയ കുട്ടി തലനാരിഴക്കാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. കരുവേലിപ്പടി മഹാരാജാസ് സര്ക്കാര് താലൂക്ക് ആശുപത്രി പരിസരത്തും ശല്യം രൂക്ഷമാണ്. തൃപ്പൂണിത്തുറയിൽ സ്കൂൾവളപ്പിൽ ശല്യം രൂക്ഷമായതോടെ സ്കൂളിന് അവധി നൽകി അധികൃതർ നായ്ക്കളെ പിടികൂടി.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ
തെരുവ് നായ് നിയന്ത്രണത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ജനന നിയന്ത്രണ (എ.ബി.സി) പരിപാടിയും പ്രതിരോധ കുത്തിവെപ്പും നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നത്. തെരുവ് നായ് വന്ധ്യംകരണത്തിന് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാനും പുരോഗതി റിപ്പോർട്ട് ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള വ്യവസ്ഥ കേന്ദ്രനിയമം അനുശാസിക്കുന്നില്ലെന്നും നിർബന്ധിത വന്ധ്യംകരണവും നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പുമാണ് നിയന്ത്രണത്തിനുള്ള പ്രധാന മാർഗങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് മാലിന്യസംസ്കരണ സംവിധാനങ്ങളിൽ സുപ്രധാന നടപടികൾ സ്വീകരിച്ചുവരികയും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തടയുന്നതിനുള്ള കർശനനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഇതിന്റെ ഫലപ്രദമായ നിർവഹണത്തിന് പ്രാദേശിക വിജിലൻസ് സ്ക്വാഡുകൾ, ജില്ല തല എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
നായ് കടിയേറ്റാൽ നഷ്ടപരിഹാരം
തെരുവ് നായ് ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ടത് ഇതുവരെ ജസ്റ്റിസ് (റിട്ട.) സിരിജഗൻ കമ്മിറ്റി മുഖേനയായിരുന്നു. എന്നാൽ, ഹൈകോടതി നിർദേശപ്രകാരം സംസ്ഥാനത്ത് തെരുവ് നായ് ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനായി സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെൻഡേഷൻ കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവായിരുന്നു.
കമ്മിറ്റിയിൽ ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശ വകുപ്പ് ജില്ല ജോയൻറ് ഡയറക്ടർ, ജില്ല മൃഗസംരക്ഷണ ഓഫിസർ എന്നിവർ അംഗങ്ങളാണ്. കെൽസ ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ച് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ഇത് പരിശോധിച്ച് സർക്കാർ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവാകുകയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് അത് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
വർഷം, നായ് ആക്രമണത്തിൽ ചികിത്സ തേടിയവർ
2020- 18354
2021- 23690
2022- 28105
2023- 28925
2024- 32086
2025 (ആഗസ്റ്റ് വരെ)- 23877


