വി.എസിന് വേണ്ടി മുദ്രാവാക്യ മുഖരിതമായ എറണാകുളത്തെ തെരുവ്
text_fieldsകൊച്ചി: നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വി.എസ്. അച്യുതാനന്ദന് വേണ്ടി തെരുവോരങ്ങൾ മുദ്രാവാക്യ മുഖരിതമാക്കിയ സ്മരണകൾ പറയാനുണ്ട് എറണാകുളത്തിന്. 2006ലെ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ, സ്ഥാനാർഥി പട്ടികയിൽ വി.എസിന്റെ പേരില്ലെന്ന് കേട്ട് എറണാകുളം ബോട്ട് ജെട്ടിയിൽ ഒത്തുകൂടി പ്രകടനം നയിച്ച ഓർമകളാണ് പനങ്ങാട് സ്വദേശിയും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന വി.ഒ. ജോണി പങ്കുവെക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ പട്ടികയിൽ വി.എസ് ഇല്ലെന്ന വാർത്തകൾ പുറത്തുവന്ന സമയം. ഡൽഹിയിൽ പോളിറ്റ് ബ്യൂറോ യോഗം ചേരുമ്പോൾ കേരളത്തിന്റെ പ്രതിഷേധമറിയിക്കുകയായിരുന്നു ലക്ഷ്യം.
ബോട്ട് ജെട്ടിക്ക് സമീപം താനും പാർട്ടി പ്രവർത്തകരായ മഹാരാജാസ് കോളജ് യൂനിയൻ മുൻ ജന. സെക്രട്ടറി ടി.പി. അഭിലാഷും പനങ്ങാട് സ്വദേശി അനീഷും കുമ്പളങ്ങിയിൽ നിന്നുള്ള ജൂഡും പനങ്ങാട് നിന്നുള്ള ജയകുമാറുമാണ് സമരത്തിനിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിവരമറിഞ്ഞ് മഹാരാജാസ് കോളജിൽ നിന്നും എറണാകുളം ലോകോളജിൽ നിന്നും വിദ്യാർഥികൾ പിന്തുണയുമായി എത്തി. കൂടാതെ പനങ്ങാട്, കുമ്പളങ്ങി, പറവൂർ എന്നിവിടങ്ങളിൽ നിന്നും ആളുകളെത്തി. പ്രതിഷേധ പ്രകടനം നടത്തിയാൽ സംഘർഷമുണ്ടാകുമെന്ന സാഹചര്യവും തങ്ങൾ തിരിച്ചറിഞ്ഞു. ഇതോടെ മാധ്യമങ്ങളും പൊലീസ് സംഘവും സ്ഥലത്തെത്തി നിലയുറപ്പിച്ചു. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും ഗാന്ധി പ്രതിമ വരെ പ്രതിഷേധ പ്രകടനം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ സെൻട്രൽ എസ്.ഐ തങ്ങളുടെ സമീപത്തെത്തി.
പ്രകടനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അദ്ദേഹത്തോട് മറുപടി നൽകി. എന്നാൽ ഗാന്ധി പ്രതിമക്ക് സമീപം വരെ പ്രകടനം നീണ്ടാൽ ചിലപ്പോൾ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇത് മനസ്സിലാക്കി പലരും പിൻവാങ്ങിയെങ്കിലും തങ്ങൾ അഞ്ചുപേർ പ്രതിഷേധം ആരംഭിച്ചു. മുന്നോട്ട് നീങ്ങി താലൂക്ക് ഓഫിസിന് സമീപമെത്തിയപ്പോൾ കോടതി വളപ്പിലേക്ക് തങ്ങൾ ഓടിക്കയറി സംഘർഷ സാധ്യത ഇല്ലാതാക്കുകയായിരുന്നു. ഈസമയം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ തങ്ങളുടെ പ്രതിഷേധം നിറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.