സൂപ്പർ ലീഗ് കേരള; ഉയർത്തെഴുന്നേൽക്കാൻ ഫോഴ്സ കൊച്ചി; തൂത്തുവാരാൻ വാരിയേഴ്സ്
text_fieldsകൊച്ചി: സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലെ പരാജയങ്ങൾ സമ്മാനിച്ച പ്രഹരങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് മൂന്നാംനാൾ ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫോഴ്സ കൊച്ചി; എതിരാളികളായി സീസണിലിതുവരെ പരാജയമറിഞ്ഞിട്ടില്ലാത്തതിന്‍റെ ആത്മവിശ്വാസവുമായി കുതിക്കുന്ന കണ്ണൂർ വാരിയേഴ്സ് എഫ്.സിയും. ഇതാദ്യമായി എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയം വെള്ളിയാഴ്ച വൈകീട്ട് 7.30ന് സൂപ്പർലീഗ് മത്സരങ്ങൾക്ക് വേദിയാവുമ്പോൾ തീപാറുന്ന പോരാട്ടം ഉറപ്പാണ്.
ആദ്യ സീസണിലെ റണ്ണേഴ്സ്അപ്പായ ഫോഴ്സ കൊച്ചിക്ക് സ്വന്തം തട്ടകമെന്ന ആത്മവിശ്വാസവും ആരാധകരുടെ പിന്തുണയും ഊർജം പകരും. കഴിഞ്ഞ വർഷം കലൂർ സ്റ്റേഡിയമായിരുന്നു ഹോംഗ്രൗണ്ടെങ്കിൽ ഇത്തവണ മഹാരാജാസിലേക്ക് കളി പറിച്ചുനടുമ്പോൾ അന്നത്തേക്കാളേറെ കാണികൾ വരുമെന്നാണ് പ്രതീക്ഷ. കൂടാതെ, മുൻ പരാജയങ്ങളെ തിരുത്തിക്കുറിക്കാനും അനിവാര്യമായ ജയം സ്വന്തമാക്കാനുമായി സ്പാനിഷ് ഫുട്ബാളിന്‍റെ മർമമറിയുന്ന ബാഴ്സലോണക്കാരൻ, പരിശീലകനും യുവരക്തവുമായ മിഖേൽ ലാഡോ പ്ലാനോ എന്ന മിക്കി പുതുതന്ത്രങ്ങൾ മെനയുമെന്നുറപ്പ്.
ആദ്യ സീസണിലെ രണ്ടുപേരെ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതുമുഖങ്ങളെയാണ് ഇത്തവണ ഉടമയും സിനിമതാരവുമായ പൃഥ്വിരാജ് ഫോഴ്സക്കു വേണ്ടി അവതരിപ്പിക്കുന്നത്. കൊളംബിയയുടെ സെന്റർ ബാക്ക് താരമായ ലൂയിസ് റോഡ്രിഗ്സ്, തിരുവനന്തപുരത്തുനിന്നുള്ള സന്തോഷ് ട്രോഫി, കെ.എസ്.ഇ.ബി താരം കൂടിയായ സ്റ്റാർ സ്ട്രൈക്കർ നിജോ ഗിൽബെർട്ട് എന്നിവരാണ് അന്നുമിന്നും ടീമിലുള്ളത്.
റോഡ്രിഗ്സിനെക്കൂടാതെ സ്ട്രൈക്കർമാരായ ജിനോവാൻ കെസൽ (ഹോളണ്ട്), ഡഗ്ലസ് ടാർഡിൻ (ബ്രസീൽ), മധ്യനിരയിൽ നായകനായ രചിത് ഐത് അത് മാനെ (ഫ്രാൻസ്), റീഗോ റാമോൺ (സ്പെയിൻ), സെന്റർ ബാക്കായ ഇക്കർ ഹെർണാഡസ് (സ്പെയിൻ) എന്നീ അഞ്ച് വിദേശതാരങ്ങൾകൂടി ഫോഴ്സയുടെ വീര്യം കൂട്ടുന്നു.
ഐ.എസ്.എല്ലിൽ ജംഷഡ്പുർ എഫ്.സി ഗോൾകീപ്പറായിരുന്ന കൊൽകത്തക്കാരൻ റഫീഖ് അലി സർദാർ ഗോൾവല കാക്കാനുണ്ടാകും. ഒഡിഷ എഫ്.സി താരമായ ലെഫ്റ്റ് വിംഗർ മൈക്കൽ സുസൈരാജും (തമിഴ്നാട്) പ്രധാന താരമാണ്. പനമ്പിള്ളി സ്കൂൾ സ്റ്റേഡിയത്തിലാണ് ടീം പരിശീലിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനവും പൃഥ്വിരാജിന്റെ താരസാന്നിധ്യവും ക്ലബിന് ഫുട്ബാൾ ആരാധകരിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.
പ്രൃഥ്വിരാജിനെ കൂടാതെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ, മുഹമ്മദ് നസ്‌ലി, സി.കെ. ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ, പ്രവീഷ് കൊഴുവള്ളി എന്നിവരും ഉടമകളായുണ്ട്.
ആദ്യകളിയിൽ വിജയവും രണ്ടാം മത്സരത്തിൽ സമനിലയും നേടിയ കണ്ണൂരിനും ഇത്തവണ കളിയിൽ വിജയം പ്രധാനമാണ്. സ്പാനിഷ് പരിശീലകൻ മാനുവല്‍ സാഞ്ചസിനു കീഴിലാണ് കണ്ണൂരിന്‍റെ കരുത്തൻമാർ കളി പഠിക്കുന്നത്. ഉബൈദ് സി.കെ., മിഥുന്‍ വി., അല്‍കെഷ് രാജ് ടി. എന്നിവർ ഗോള്‍വലയുടെ കാവൽക്കാരാണെങ്കിൽ നിക്കോളാസ് ഡെല്‍മോണ്ടേ (അര്‍ജന്റീന), സച്ചിന്‍ സുനി തുടങ്ങിയവർ പ്രതിരോധത്തിലും അസിയര്‍ ഗോമസ് (സ്പെയിന്‍), എണസ്റ്റീന് ലാവ്സാംബ (കാമറൂണ്‍), നിദാല്‍ സൈദ് (ടുനീഷ്യ), ആസിഫ് ഒ.എം. തുടങ്ങിയവർ മധ്യനിരയിലും നിലയുറപ്പിക്കും. അഡ്രിയാന്‍ സാര്‍ഡിനെറോ (സ്പെയിന്‍), അബ്ദുകരീം സാംബ (സെനഗല്‍), ഗോകുല്‍ എസ്, മുഹമ്മദ് സനാദ് തുടങ്ങിയവരാണ് മുന്നേറ്റനിരക്കാർ.


