എസ്.എൽ.കെ രണ്ടാം സീസൺ; കൊച്ചിയിലെ ആദ്യമത്സരം നാളെ മഹാരാജാസ് ഗ്രൗണ്ടിൽ
text_fieldsകൊച്ചി: മെട്രോ നഗരത്തിന്റെ കളിത്തട്ട് വീണ്ടുമൊരു സൂപ്പർ ലീഗ് ആരവത്തിന് ഒരുങ്ങി. തൊട്ടുമുകളിൽ മെട്രോ കുതിക്കുമ്പോൾ താഴെ പച്ചപ്പുൽമൈതാനത്ത് കേരളത്തിെല ഫുട്ബാൾ കേരള സൂപ്പർ ലീഗ് രണ്ടാം സീസണിൽ കൊച്ചിയിലെ പ്രഥമ മത്സരം വെള്ളിയാഴ്ച വൈകീട്ട് 7.30ന് മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ അരങ്ങേറും. കൊച്ചിയുടെ സ്വന്തം ടീമായ ഫോഴ്സ കൊച്ചിയും കണ്ണൂർ വാരിയേഴ്സും തമ്മിലാണ് മത്സരം. ഈ സീസണിലെ ഫോഴ്സയുടെ ആദ്യ ഹോം ഗ്രൗണ്ട് മത്സരമായതിനാൽതന്നെ ആവേശത്തേരിലാണ് ഫുട്ബാൾ പ്രേമികൾ.
ഇതാദ്യമായാണ് എസ്.എൽ.കെ. മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ വർഷത്തെ പ്രഥമ സീസണിൽ കലൂർ നെഹ്റു സ്റ്റേഡിയമായിരുന്നു നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സ കൊച്ചിയുടെ ടീമിന്റെ ഹോം ഗ്രൗണ്ട്. എന്നാൽ, അർജൻറീന ഫുട്ബാൾ ടീമിനെ വരവേൽക്കുന്നതിനായി സ്റ്റേഡിയം നവീകരിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഹോം ഗ്രൗണ്ട് മഹാരാജാസിലേക്ക് പറിച്ചുനട്ടത്. ഈ സീസണിൽ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിലും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലുമെല്ലാം ഫുട്ബാൾ പ്രേമികൾ കടലിരമ്പം തീർത്തതുപോലെ മഹാരാജാസിന്റെ മൈതാനത്തേക്ക് ആയിരക്കണക്കിന് കാൽപന്തുകളി പ്രേമികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
ദേശീയതലത്തിലുൾപ്പെടെ ഒട്ടേറെ മീറ്റുകൾക്കും സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പുകൾക്കുമെല്ലാം വേദിയാവാറുള്ള മഹാരാജാസ് മൈതാനം സൂപ്പർലീഗ് കന്നി മത്സരത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഗ്രൗണ്ടിൽ താൽക്കാലിക ഗാലറി ഉൾപ്പെടെ ഒരുക്കി. എം.ജി റോഡിനോട് ചേർന്നാണ് പുതിയ ഫാൻസ് ഗാലറി. കൂടാതെ ഫ്ലഡ്ലിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്. ഗ്രൗണ്ടടക്കം മികച്ച നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. ഗാലറിയുടെ താഴെയുള്ള ഡ്രസിങ് റൂമുകളിലും പുതുമോടി നൽകി. ലക്ഷങ്ങൾ ചെലവഴിച്ചാണ് സൂപ്പർലീഗ് കേരള, ഫോഴ്സ കൊച്ചി മാനേജ്മെന്റുകൾ സ്റ്റേഡിയത്തെ മാറ്റിയെടുക്കുന്നത്.
പുതുതായി സ്ഥാപിക്കുന്ന താൽക്കാലിക ഗാലറി (ഈസ്റ്റ്) ആരാധകർക്കായി പ്രത്യേകം ഒരുക്കുന്നതാണ്. ഇതിൽ 4000ത്തോളം പേർക്ക് ഇരിക്കാനാവും. നിലവിൽ ഗ്രൗണ്ടിൽ ഉള്ള ഗാലറിയിലും (വെസ്റ്റ്) ഈസ്റ്റ് ഗാലറിയിലുമായി 12,000 ആണ് സീറ്റിങ് കപ്പാസിറ്റി.
പുതുസീസണിലെ ആദ്യ മത്സരം ഇരുകൈയും നീട്ടി സ്വീകരിക്കാൻ ആരാധകക്കൂട്ടായ്മയായ ഫോഴ്സക്രൂസും ഒരുങ്ങുമ്പോൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവികളിൽനിന്ന് പാഠമുൾക്കൊണ്ട് സീസണിലെ ആദ്യ വിജയത്തിനായുള്ള കഠിന പരിശ്രമത്തിലാണ് ഫോഴ്സ കൊച്ചി.
ടിക്കറ്റ് @69
ഇത്തവണത്തെ ആദ്യ ഹോംഗ്രൗണ്ട് മാച്ച് ആയതിനാൽ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട് ഫോഴ്സ കൊച്ചി അധികൃതർ. സാധാരണ ടിക്കറ്റിന് 99 രൂപ നൽകേണ്ടിടത്ത് വെള്ളിയാഴ്ചത്തെ മത്സരത്തിന് 69 രൂപ നൽകിയാൽ മതി. വി.വി.ഐ.പി ഗാലറിയിൽ കളി കാണാൻ 499 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ticketgenie എന്ന ആപ്പിൽ ലഭ്യമാണ്. കൂടാതെ, വ്യാഴാഴ്ച ഉച്ചമുതൽ മഹാരാജാസ് ഗ്രൗണ്ടിനോട് ചേർന്നും ടിക്കറ്റ് കൗണ്ടർ ആരംഭിക്കും.


