കൊച്ചിക്ക് ‘സ്പോർട്സ് സിറ്റി’; നൂറുകോടിയുടെ അംബേദ്കർ സ്റ്റേഡിയം നവീകരണപദ്ധതി നടപ്പാക്കുക രണ്ട് ഘട്ടങ്ങളിലായി
text_fieldsഅംബേദ്കർ സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം
കൊച്ചി: വർഷങ്ങളായി ജീർണാവസ്ഥയിൽ തുടരുന്ന കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന്റെ മുഖംമിനുക്കാൻ ഒരുങ്ങി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ). സ്റ്റേഡിയം പുതുക്കിപ്പണിത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന ‘സ്പോർട്സ് സിറ്റി’യുടെ പ്രാരംഭ രൂപരേഖ പൂർത്തിയായി.
100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ജി.സി.ഡി.എ ഫണ്ടിൽനിന്ന് 15 കോടിയും മറ്റു സ്വകാര്യ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കുക. ഫുട്ബാൾ ടർഫിന്റെയും ഗാലറിയുടെയും നവീകരണം ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുമ്പോൾ ഇൻഡോർ കോർട്ടും സ്വിമ്മിങ് പൂളും അടങ്ങുന്ന വിപുലമായ കെട്ടിട സമുച്ചയമാണ് രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബാൾ ടർഫ്
അന്താരാഷ്ട്ര നിലവാരത്തിൽ 60x110 മീ. വലുപ്പമുള്ള ഫുട്ബാൾ ടർഫും ഗാലറിയും നിർമിക്കുന്ന ആദ്യഘട്ടത്തിന് ഏകദേശം 35 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആർട്ടിഫിഷ്യൽ ടർഫ് പൂർണമായും പൊളിച്ചുനീക്കി പ്രകൃത്യ പുല്ല് ഉപയോഗിച്ചുള്ള ടർഫാണ് നിർമിക്കുക.
രാജാജി റോഡിലേക്ക് കവാടം വരുന്ന രീതിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പിന്നിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഭാഗത്താണ് പുതിയ ടർഫും ഗാലറിയും. ഗ്രൗണ്ടിനോട് ചേർന്ന് ജോഗിങ് ട്രാക്കും വരും. രണ്ടാംഘട്ടത്തിൽ നിർമിക്കുന്ന സ്റ്റേഡിയം കെട്ടിടസമുച്ചയത്തിന്റെ പൈലിങ് ജോലിയും അടക്കം ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.
കായികതാരങ്ങളുടെ സ്വപ്നമൈതാനം
ഒരുകാലത്ത് കായിക പ്രേമികളുടെ സ്വപ്ന തട്ടകമായിരുന്നു അംബേദ്കർ സ്റ്റേഡിയം. 1970കളിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഏഴേക്കറിൽ നിർമിച്ച സ്റ്റേഡിയം സന്തോഷ് ട്രോഫി ഉൾപ്പെടെ നിരവധി ഫുട്ബാൾ ടൂർണമെന്റുകൾക്ക് വേദിയായിട്ടുണ്ട്. കേരള ഫുട്ബാൾ അസോസിയേഷന്റ (കെ.എഫ്.എ) സംസ്ഥാന-ജില്ല ലീഗ് മത്സരങ്ങൾ, ദേശീയ ക്ലബ് ഫുട്ബാൾ മത്സരങ്ങൾ, പ്രാദേശിക ടൂർണമെന്റുകൾ എന്നിവയും ഇവിടെ നടന്നിരുന്നു.
സച്ചിൻ ടെൻഡുൽക്കർ മുതൽ ഐ.എം. വിജയൻ വരെയുള്ള അന്താരാഷ്ട്ര താരങ്ങൾ ആവേശം നിറച്ച ഗാലറി കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പൂർണമായി പൊളിച്ചുനീക്കിയത്. വർഷങ്ങളായി ജീർണാവസ്ഥയിലായ സ്റ്റേഡിയം നിലവിൽ കേരള ഫുട്ബാൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടായാണ് ഉപയോഗിക്കുന്നത്. കൂടാതെ കെ.എഫ്.എയുടെ നേതൃത്വത്തിൽ ഫുട്ബാൾ പരിശീലനവും നടത്തിവരുന്നുണ്ട്.
വിപുലമായ കെട്ടിടസമുച്ചയം
രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കുന്ന നാലുനില സ്റ്റേഡിയം കെട്ടിടത്തിൽ വോളിബാൾ, ബാസ്കറ്റ്ബാൾ കോർട്ടുകളും ഒളിംപിക് സൈസ് സ്വിമ്മിങ് പൂളും നിർമിക്കുന്നുണ്ട്. സ്കേറ്റിങ് പാർക്ക്, റെസ്ലിങ് റിങ്, ബാഡ്മിന്റൺ, സ്ക്വാഷ്, കരാട്ടേ, ജൂഡോ തുടങ്ങിയവക്കുള്ള സൗകര്യങ്ങളും ഒരുക്കും. കൂടാതെ കഫ്റ്റീരിയ, സ്പോർട്സ് സ്റ്റോറുകൾ, ട്രീറ്റ്മെന്റ് സെന്ററുകൾ, ഓഫിസ് റൂം, കോൺഫറൻസ് ഹാൾ കെട്ടിടത്തിൽ സാധ്യമാക്കും.
പ്രവർത്തനങ്ങൾ തുടങ്ങി
സ്റ്റേഡിയവും പരിസരവും സർവേ ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് അടക്കം തടയാൻ ടോപോഗ്രഫിക്, മണ്ണ് പരിശോധനകളും നടക്കുന്നതായി പദ്ധതി ചുമതലയുള്ള ജി.സി.ഡി.എ ടൗൺ പ്ലാനിങ് ഓഫീസർ എസ്. സുഭാഷ് പറഞ്ഞു. ഇതിനുപുറമെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടിനായുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഫണ്ട് ലഭിച്ച ശേഷമാണ് എൻജിനീയറിങ് രൂപകൽപനയടക്കം അന്തിമമാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.