‘എയറി’ലായി എയർഹോൺ
text_fieldsമോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത എയർഹോണുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം എ.എൽ. ജേക്കബ് മേൽപാലത്തിന്
താഴെ റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നു –രതീഷ് ഭാസ്കർ
കൊച്ചി: ചെവി തുളക്കുന്ന ശബ്ദത്തിൽ എയർഹോൺ മുഴക്കുമ്പോൾ അസ്വസ്ഥരാകാത്തവരില്ല. എന്നാലിനി റോഡിലേക്കിറങ്ങുമ്പോൾ എയർഹോണിനെക്കുറിച്ച് ആശങ്കപ്പെടാൻ വരട്ടെ. കാതടപ്പിക്കുന്ന ഈ പ്രത്യേകതരം ഹോണുകളെ പൂർണമായും നിർമാർജനം ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക ഡ്രൈവിലൂടെ പിടികൂടിയ എയർഹോണുകൾ കൂട്ടത്തോടെ നശിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്ത് എ.എൽ. ജേക്കബ് മേൽപാലത്തിനു കീഴിലാണ് പിടികൂടിയവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തവിടുപൊടിയാക്കിയത്. എറണാകുളം ആർ.ടി ഓഫിസ്, എൻഫോഴ്സ്മെൻറ് ആർ.ടി ഓഫിസ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നേതൃത്വം നൽകി.
ആറുദിവസം; എയർഹോൺ നൽകിയത് നാലരലക്ഷം
ജില്ലയിൽ വിവിധയിടങ്ങളിൽ എയർഹോണുകൾ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ 211 വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് ഒക്ടോബർ 13 മുതൽ 19 വരെ പ്രത്യേക ഡ്രൈവ് നടത്തിയത്. 4,48,000 രൂപ പിഴയും ചുമത്തി. മോട്ടോർ വാഹന ഉദ്യോഗസ്ഥർ കഴിഞ്ഞ ആറുദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ കുടുങ്ങിയത്. മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം മാത്രം 53 വാഹനങ്ങൾ പിടികൂടി. എറണാകുളം, മൂവാറ്റുപുഴ ആർ.ടി.ഒമാരുടെ നേതൃത്വത്തിൽ 141 വാഹനങ്ങളും പിടികൂടി. ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളിലാണ് ഇത്തരത്തിൽ എയർഹോൺ ഉപയോഗിക്കുന്നത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മന്ത്രിക്കുമുന്നിൽ എയർഹോണടിച്ചു; പിന്നാലെ പണികിട്ടി
ദിവസങ്ങൾക്കുമുമ്പ് കോതമംഗലത്തെ കെ.എസ്.ആർടി.സി ബസ് ടെർമിനൽ ഉദ്ഘാടനച്ചടങ്ങിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വേദിയിലിരിക്കുന്നു. ആന്റണി ജോൺ എം.എൽ.എ സംസാരിക്കുന്നതിനിടെ എയർഹോണടിച്ച് ഒരു സ്വകാര്യ ബസ് ബസ് സ്റ്റാൻഡിനുള്ളിലേക്ക് വേഗത്തിൽ ഓടിച്ചെത്തുന്നു. കൺമുന്നിൽ ഗതാഗതലംഘനം കണ്ട മന്ത്രി തത്സമയം ഈ ലംഘനത്തിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു, അപ്പോൾതന്നെ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും മന്ത്രി ആർ.ടി.ഒക്ക് നിർദേശം നൽകി. ഇതിനു പിന്നാലെയാണ് എയർഹോണുകൾ പിടികൂടാനായി പ്രത്യേക ഡ്രൈവ് നടത്താനും പിടികൂടിയവ റോഡ് റോളർ ഉപയോഗിച്ചുതന്നെ നശിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. ഇതിനിടെ വാഹനത്തിന്റെ ഹോൺ ജാമായതാണ് പ്രശ്നത്തിനു കാരണമായതെന്ന് ബസ് ഡ്രൈവർ വിശദീകരിച്ചിരുന്നു. എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നാണ് അന്നത്തെ ചടങ്ങിൽ മന്ത്രി വ്യക്തമാക്കിയത്.
റോഡ് റോളർ കിട്ടിയില്ല
പിടികൂടിയ എയർഹോണുകൾ മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കണം, അവരുടെ സാന്നിധ്യത്തിൽ നശിപ്പിക്കണം, ഇതിനായി റോഡ് റോളർതന്നെ ഉപയോഗിക്കണം തുടങ്ങിയ മാർഗനിർദേശങ്ങളും മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. പൊതുജനങ്ങൾക്കും വാഹന ഉടമകൾക്കും ബോധവത്കരണം, മുന്നറിയിപ്പ് എന്നിവ നൽകുന്നതിനായാണ് ഇത്തരത്തിൽ പ്രത്യേക നിർദേശം നൽകിയത്. എന്നാൽ, കൊച്ചിയിൽ ഇതിനായി റോഡ് റോളർ ലഭ്യമാവാത്തതിനെത്തുടർന്ന് മണ്ണുമാന്തി യന്ത്രത്തിൽ റോഡ് റോളറിന്റെ മുൻഭാഗം ഘടിപ്പിക്കുകയായിരുന്നു. ഉച്ചക്ക് 12.30 ഓടെയാണ് കെ.എസ്.ആർ.ടി.സി മേൽപാലത്തിനു കീഴിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നശിപ്പിക്കൽ യജ്ഞം നടത്തിയത്. ഇത്തരത്തിൽ നശിപ്പിച്ചവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികളും ഉദ്യോഗസ്ഥർ സ്വീകരിക്കും.
എയർഹോണിന്റെ മുകളിലെ ഭാഗമാണ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനാവുക. എന്നാൽ, ഒരിക്കൽ വേർപ്പെടുത്തിയവ വീണ്ടും ഘടിപ്പിക്കാനാവില്ല. പുതിയവ ഘടിപ്പിക്കുന്നുണ്ടോയെന്നറിയാൻ പരിശോധന തുടരാനാണ് തീരുമാനം. ഇതിനിടെ ഉയർന്ന ഡെസിബെലിലുള്ള ഹോണുകൾക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കേൾവിയെ ബാധിക്കും
കടുത്ത ശബ്ദമലിനീകരണമാണ് എയർഹോണുകൾ സൃഷ്ടിക്കുന്നത്. കേൾവിക്ക് തകരാറുണ്ടാക്കുന്നുവെന്ന് മാത്രമല്ല, ഉച്ചത്തിലുള്ള ഇതിന്റെ ശബ്ദം പെട്ടെന്ന് കേൾക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിലും യാത്രക്കാരിലുമുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. കൊച്ചിയിലുൾപ്പെടെ പല നഗരങ്ങളിലും ഉയർന്ന ശബ്ദത്തിലുള്ള എയർഹോണുകൾ മുഴക്കുന്നത് പതിവായിരുന്നു. 118 മുതൽ 170 വരെ ഡെസിബൽ ശബ്ദമാണ് എയർഹോണുകളിൽ മുഴങ്ങുന്നത്. 90 മുതൽ 125 ഡെസിബെൽ വരെ ശബ്ദമാണ് വിവിധതരം വാഹനങ്ങളിലായി അനുവദിച്ചിട്ടുള്ളത്. ശ്രദ്ധ തിരിച്ചുണ്ടാക്കുന്ന അപകടങ്ങൾ മാത്രമല്ല, എയർഹോണുകളുടെ ശബ്ദം നിരന്തരം കേൾക്കുന്നതും കേൾവിയെ സാരമായി ബാധിക്കും.


