ആശങ്കക്ക് ഇടയാക്കി പെരുമ്പാവൂരിൽ മോഷണം വ്യാപകം
text_fieldsപെരുമ്പാവൂര്‍: മേഖലയില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കക്ക് ഇടയാകുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നിരവധി പരാതി പൊലീസിന് ലഭിക്കുന്നത് ഗൗരവകരമാണ്. തൊഴിലിടങ്ങളിലെ മോഷണങ്ങള്‍ക്ക് പുറമെ വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നിത്യസംഭവമാകുകയാണ്. പല കേസുകളിലും പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും സൂചനപോലും ലഭിക്കാത്ത സംഭവങ്ങളുണ്ട്.
മൊബൈല്‍ ഫോൺ മോഷണവും വ്യാപകമാണ്. നഗരത്തിലെ പി.പി റോഡിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡിലും ഫോണുകള്‍ തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ പോലുമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
എ.എം റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഒരു ലക്ഷം രൂപ അപഹരിച്ചു. ഈ മാസം ആദ്യവാരം വളയന്ചിങ്ങര പൂണൂരിലെ കമ്പനിയിലെ തൊഴിലാളികളുടെ മൂന്ന് മൊബൈൽ ഫോണുകള്‍ രാത്രി അപഹരിച്ചു. പാലക്കാട്ടുതാഴം പാലത്തിന് സമീപത്ത് അന്ധനായ ലോട്ടറി വില്പനക്കാരന്റെ ടിക്കറ്റുകള്‍ എടുത്തുകൊണ്ടുപോയ സംഭവമുണ്ടായി. അന്തര്സംസ്ഥാനക്കാരനാണ് ഇത് തട്ടിയെടുത്തത്.
അന്തര്‍ സംസ്ഥാനക്കാര്‍ പ്രതികളാകുന്ന കവര്‍ച്ചകളും പിടിച്ചുപറിയും വര്‍ധിക്കുന്ന സാഹചര്യം മോഷണം നടത്തുന്നവര്‍ സംസ്ഥാനം വിട്ടുപോകുകയോ മറ്റ് ജില്ലകളിലേക്ക് ചേക്കേറുകയോ ചെയ്യുന്നു. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ മറവില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് തുടരുകയാണെന്നും ചിലരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. കോടനാട് പൊലീസ് സ്റ്റേഷന് പരിധിയിലെ ഇടവൂര്‍ ഭാഗത്തെ വീടുകളില്‍നിന്ന് അടുത്തിടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവമുണ്ടായി. ഇതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. അവസാനം യുവാക്കള്‍ സംഘമായി തിരിഞ്ഞ് മോഷ്ടാക്കളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ആദ്യകാലങ്ങളില്‍ ഇവിടത്തെ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അന്തര്സംസ്ഥാനക്കാരായിരുന്നു മോഷ്ടാക്കള്‍.


