ബസിൽ ആളില്ല....നിരത്തിൽ നിന്ന് ബസൊഴിയുന്നു...
text_fieldsകൊച്ചി: കോവിഡിന് ശേഷം ജില്ലയിൽ സർവിസ് നിർത്തിയത് അറുനൂറോളം സ്വകാര്യ ബസുകൾ. 1900ത്തോളം സ്വകാര്യ ബസുകളാണ് ജില്ലയിൽ കോവിഡിന് മുമ്പ് നിരത്തിലുണ്ടായിരുന്നത്. എന്നാൽ അത് ഇന്ന് 1300ഓളമായി ചുരുങ്ങി. ഇതിൽ സിറ്റിയിൽ ഓടുന്ന പച്ച ബസുകൾ കോവിഡിന് മുമ്പ് 730 എണ്ണം ഉണ്ടായിരുന്നതിൽ ഇപ്പോൾ നിരത്തിലുള്ളത് 500ൽതാഴെ മാത്രം. 250ഓളം ബസുകൾ കുറഞ്ഞു. ആളുകൾ സ്വന്തം വാഹനങ്ങളിലേക്കും മെട്രൊ പോലെയുള്ള മറ്റു യാത്ര സൗകര്യങ്ങളിലേക്കും മാറുന്നതും മഴയും മോശം റോഡും കാരണം ബസുകളുടെ പരിപാലന ചെലവ് കൂടുന്നതും ബസുകൾ നിർത്തി പോകാനുള്ള പ്രധാന കാരണങ്ങളാണ്.
യാത്രക്കാർ കുറയുന്നു
സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും സ്വന്തം വാഹനങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ജില്ലയിലെ 40 ശതമാനം ബസുകളും ചെറിയ വരുമാനത്തിലാണ് ഓടുന്നത്. മഴയുടെ കൂടെ പശ്ചാത്തലത്തിൽ സ്വന്തം വാഹനമില്ലാത്തവർ മെട്രോയെയും വീട്ടുമുറ്റത്തെത്തുന്ന ഓൺലൈൻ ടാക്സിയേയും ആണ് ആശ്രയിക്കുന്നത്. നിലവിൽ അന്യസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളുമാണ് കൂടുതലായി ബസുകളിൽ യാത്ര ചെയ്യുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. മിക്ക ബസുകളും ഈ വരുമാനം ഉള്ളതുകൊണ്ടാണ് പിടിച്ചുനിൽക്കുന്നതും.
റോഡ് മോശം, ചെലവ് കൂടുതൽ
ജില്ലയിലെ ഭൂരിഭാഗം റോഡുകൾക്കും ആവശ്യത്തിന് വീതി ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം ഉണ്ടാവുന്ന ബ്ലോക്കും അപകടങ്ങളും കാരണം പല ബസ് സർവിസുകളും വൈകുന്നത് യാത്രക്കാർ മറ്റു യാത്ര മാർഗങ്ങളിലേക്ക് മാറാൻ കാരണമാകുന്നു. മഴക്കാലത്ത് റോഡുകൾ പൊട്ടി പൊളിഞ്ഞും കുഴികൾ രൂപപ്പെടുന്നതും വലിയ ദുരിതത്തിന് കാരണമാകുന്നുണ്ട്. റോഡുകളിൽ കൃത്യമായി അറ്റകുറ്റപണി നടത്താത്തത് മൂലം ബസുകൾക്ക് ഗുരുതര കേടുപാടുകൾ സംഭവിക്കുന്നു. ലീഫ് ഒടിഞ്ഞും ടയറുകൾ തേഞ്ഞും അടിഭാഗം തകരുന്നതുമെല്ലാം പരിപാലന ചെലവ് കൂട്ടുകയും ഡീസൽ ഉപയോഗം വർധിപ്പിക്കുകയും ചെയ്യുന്നു.
മത്സരയോട്ടം; ജീവൻ കൈയിൽപിടിച്ച് യാത്രക്കാർ
സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണമുള്ള അപകടങ്ങളും ജീവനക്കാരുടെ മോശമായ പെരുമാറ്റവും യാത്രക്കാർ ബസുകളിൽ നിന്ന് കൊഴിഞ്ഞ് പോകാനിടയാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ തന്നെ മത്സരയോട്ടം കാരണമുള്ള അപകടങ്ങൾ സ്ഥിരം കഥയാവുകയാണ്. ഏപ്രിലിലാണ് തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തിൽ പെട്ട് ഒരു സ്ത്രീയുടെ വിരൽ പകുതി അറ്റുപോകുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തത്. ജൂണിൽ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്റ്റോപ്പിലും ബസുകളുടെ മത്സരയോട്ടം കാരണം അപകടമുണ്ടായിരുന്നു.
സ്വകാര്യ ബസുകൾക്ക് പരിഗണന ലഭിക്കുന്നില്ല
സർക്കാർ സ്വകാര്യ ബസുകളെ സഹായിക്കാനായുള്ള പദ്ധതികൾ കൊണ്ടുവരണം. നിലവിൽ ഞങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. വിദ്യാർഥികളാണ് ബസുകളെ ഇന്ന് കൂടുതലായും ആശ്രയിക്കുന്നത്. അവരുടെ കൺസഷൻ വർധിപ്പിക്കണമെന്ന ഞങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ല. വരുമാന നഷ്ടം കാരണം സർവിസ് നിർത്തുന്ന ബസുകൾ നിരവധിയാണ് - കെ.ബി. സുനീർ (ജില്ല പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ.)