അടുത്തറിയാം, വിദേശ പഠനത്തിനുള്ള ഫുള്ളി ഫണ്ടഡ് സ്കോളർഷിപ്പുകളെ
text_fieldsകൊച്ചി: ഉന്നതപഠനത്തിന് വിദേശരാജ്യങ്ങളിലേക്ക് പറക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ പല സ്കോളർഷിപ്പുകളെക്കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ, വിവിധ ഫുള്ളി ഫണ്ടഡ് സ്കോളർഷിപ്പുകളെക്കുറിച്ച് അടുത്തറിയാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഏപ്രിൽ 24, 25 തീയതികളിൽ കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാധ്യമം എജുകഫേ നിങ്ങൾക്കൊരു അസുലഭ അവസരമായിരിക്കുമെന്നുറപ്പ്. എജുകഫേയുടെ പുതിയ പതിപ്പിൽ ‘പൂർണ ധനസഹായം നൽകുന്ന സ്കോളർഷിപ്പുകൾ നേടുന്നതിലെ വൈദഗ്ധ്യം’ എന്ന വിഷയത്തിലൂടെ മറ്റൊരു വിദ്യാഭ്യാസ മേളയിലും ലഭിക്കാത്തത്ര ആഴത്തിലുള്ള അറിവുകളും അവബോധവും നേടാം.
കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിലെ അസി. പ്രഫസർ ഡോ. ദേവി സൗമ്യജയാണ് ഈ വിഷയത്തിൽ സംസാരിക്കുക. വിദേശ രാജ്യങ്ങളിലെ യു.ജി, പി.ജി, പിഎച്ച്.ഡി, ഹൃസ്വകാല, വിന്റർ/സമ്മർ സ്കൂൾ കോഴ്സുകളിലേക്ക് ലഭിക്കുന്ന വിവിധ ഫുള്ളി ഫണ്ടഡ് സ്കോളർഷിപ്പുകളെക്കുറിച്ച് അറിയാനും അപേക്ഷിക്കാനും സ്വന്തമാക്കാനുമുള്ള സമ്പൂർണ വഴികാട്ടിയാകും ഈ സെഷൻ. ഇത്തരം സ്കോളർഷിപ്പുകളിലേക്ക് എത്താനുള്ള ആദ്യചുവടു മുതൽ ഡോ. ദേവി സൗമ്യജ വിശദീകരിക്കും.
സ്കോളർഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും സ്വാധീനം, ഫുള്ളി ഫണ്ടഡ് സ്കോളർഷിപ്പുകളിൽ വരുന്ന ഘടകങ്ങൾ, സാമ്പത്തിക സഹായം എന്നതിനപ്പുറം ലോകോത്തര വിദ്യാഭ്യാസം, നെറ്റ് വർക്കിങ്, സാംസ്കാരിക വിനിമയം, കരിയർ മുന്നേറ്റം തുടങ്ങിയ പ്രത്യേകതകൾ, ഏത് സ്കോളർഷിപ് തെരഞ്ഞെടുക്കാമെന്നത് ഉൾപ്പെടെ സെഷന്റെ വിഷയമാകും.
2021-22ലെ സവിശേഷമായ ഫുൾബ്രൈറ്റ്-നെഹ്റു പ്രഫഷനൽ ആൻഡ് അക്കാദമിക് എക്സലൻസ് അവാർഡ് ജേതാവാണ് ഡോ. ദേവി സൗമ്യജ. പത്തുവർഷത്തിലേറെയായി അധ്യാപന, ഗവേഷണ മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഇവർ, മദ്രാസ് ഐ.ഐ.ടിയിൽനിന്ന് യു.ജി.സി ജൂനിയർ റിസർച് ഫെലോഷിപ്പോടെ മാനേജ്മെൻറിൽ ഡോക്ടറേറ്റ് നേടി. കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിന്റെ (കെ.എസ്.എച്ച്.ഇ.സി) 2020ലെ 25 ലക്ഷം രൂപ തുക വരുന്ന കൈരളി അവാർഡ് നേടിയിരുന്നു.
നിരവധി എബിഡിസി/ സ്കോപസ് ഇൻഡക്സ്ഡ് ജേണലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുസാറ്റ് ഇന്റർ-യൂനിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസ്, ദേശീയ വനിത കമീഷൻ, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച് (റൂസ 2.0), സംസ്ഥാന വനിത കമീഷൻ എന്നിവ അനുവദിച്ച ഗവേഷണ പ്രോജക്ടുകളും സൗമ്യജ പൂർത്തിയാക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ ഏറെ എളുപ്പം
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 9645006280 നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645006150 എന്ന നമ്പറിൽ ബന്ധപ്പെടുക.