ജോൺ ഷിനോജിന് ഇത് കഠിനാധ്വാനത്തിന്റെ മറ്റൊരു വിജയഗാഥ
text_fieldsമൂവാറ്റുപുഴ: ‘കീം’ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ കല്ലൂർക്കാട് വട്ടക്കുഴിയിൽ ജോൺ ഷിനോജിന് ഇത് കഠിനാധ്വാനത്തിന്റെ മറ്റൊരു വിജയഗാഥ. ചിട്ടയായ പഠനമാണ് ഈ മിടുക്കന്റെ മുതൽക്കൂട്ട്. മാന്നാനം കെ.ഇ സ്കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ 1200ൽ 1192 മാർക്ക് വാങ്ങി വിജയിച്ച ജോൺ ഷിനോജ് അഞ്ചാംക്ലാസ് വരെ വാഴക്കുളം ബസ്ലഹം ഇന്റർനാഷനൽ സ്കൂളിലും തുടർന്ന് വാഴക്കുളം ചാവറ ഇൻറർനാഷനൽ അക്കാദമിയിലുമാണ് പഠിച്ചത്.
പത്താം ക്ലാസിലും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എട്ടാം ക്ലാസ് മുതല്‍ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ ഫൗണ്ടേഷന് കോഴ്സ് ആരംഭിച്ച ജോണ്‍ ഹയര്‍സെക്കന്‍ഡറി പഠന കാലയളവില്‍ ബ്രില്യന്റിന്റെ ഹോസ്റ്റലില്‍ താമസിച്ചാണ് പരിശീലനം നേടിയത്. ജോണിന്റ വിജയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും ആഹ്ലാദത്തിലാണ്.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ 3553ാം റാങ്ക് നേടിയ ജോണ്‍ ഗുജറാത്ത് ഗാന്ധിനഗർ ഐ.ഐ.ടിയിൽ ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങിൽപ്രവേശനം നേടി. പഠനത്തോടൊപ്പം കളികളിലും കമ്പക്കാരനാണ്. ഫുട് ബാളാണ് ഏറെ ഇഷ്ടം. ഷട്ടിലും ബാസ്കറ്റ്ബാളും കളിക്കും.
എറണാകുളത്ത് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ ഷിനോജ് ജെ. വട്ടക്കുഴിയുടെയും വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജ് അസി. പ്രഫസർ അനിറ്റ തോമസിന്റെയും മൂത്ത മകനാണ് ജോൺ. വാഴക്കുളം ചാവറ ഇൻറർനാഷനൽ അക്കാദമി എട്ടാംക്ലാസ് വിദ്യാർഥി ടോം ഷിനോജ് ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി എമിലിയ മറിയം ഷിനോജ് എന്നിവർ സഹോദരങ്ങളാണ്.
റാങ്ക് വിവരമറിഞ്ഞ് ജോൺ ഷിനോജിനെ അഭിനന്ദിക്കാൻ ബന്ധുക്കളും അയൽവാസികളും നാട്ടുകാരും അടക്കം നിരവധി പേരാണ് വട്ടക്കുഴി വീട്ടിൽ എത്തിയത്. എല്ലാവർക്കും മധുരം നൽകി സ്വീകരിക്കുന്ന തിരക്കിലായിരുന്നു റാങ്ക് ജേതാവ് ജോൺ ഷിനോജ്. കൂടെ മാതാവും സഹോദരങ്ങളും.