തൃപ്പൂണിത്തുറ സ്റ്റേഷനുണ്ട്, ഒരുപിടി ആവശ്യങ്ങൾ
text_fieldsആവശ്യത്തിന് ഇരിപ്പിടങ്ങളില്ലാത്തതിനാൽ പ്ലാറ്റ്ഫോമിലെ തറയിൽ ട്രെയിൻ കാത്തിരിക്കുന്ന സ്ത്രീയാത്രക്കാർ
കൊച്ചി: എറണാകുളം ജില്ലയിൽ ഏറ്റവുമധികം യാത്രക്കാർ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തൃപ്പൂണിത്തുറ. കൂടുതൽ സൗകര്യങ്ങളുമായി മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിയന്തിരമായി പരിഗണന ലഭിക്കേണ്ട നിരവധി കാര്യങ്ങൾ ഇവിടെയുണ്ടെന്ന് വ്യക്തമാക്കുകയാണ് യാത്രക്കാർ.
കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനായി നൂറുകണക്കിന് യാത്രക്കാരാണ് ഇവിടം ആശ്രയിക്കുന്നത്. കാക്കനാട്, വൈറ്റില മേഖലകളിലെ വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി കമ്പനികൾ, മറ്റ് സംരംഭങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരങ്ങളും ഇവിടേക്കെത്തുന്നു. എന്നാൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെയില്ല.
മെട്രോ സ്റ്റേഷനിലേക്ക് ഓവർബ്രിഡ്ജ് വേണം
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യമില്ലാത്തത് വലിയ പോരായ്മയാണ്. പടിക്കെട്ടുകൾ കയറി രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തുകയെന്നത് പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് പ്രയാസമാണുണ്ടാക്കുന്നത്.
ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യമൊരുക്കണം. പ്ലാറ്റ്ഫോമുകളുടെ എണ്ണം നാലായി വർധിപ്പിക്കണം. കൂടാതെ ഓവർബ്രിഡ്ജ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കണമെന്നും ഇതിനായി തങ്ങൾ തയാറാക്കിയ രൂപരേഖ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അധികൃതർ വ്യക്തമാക്കി.
100 മീറ്ററിൽ താഴെ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് പടികൾ ഇറങ്ങി പ്ലാറ്റ് ഫോം ചുറ്റി സ്റ്റേഷനിലെത്താൻ ഏറെനേരമെടുക്കും.
വിവിധ മെട്രോ സ്റ്റേഷനുകളിൽ മാളുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ പോലെയുള്ള പാത റെയിൽവേ ഓവർബ്രിഡ്ജിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിൽ ഇവിടെ നിർമിക്കണമെന്നാണ് ആവശ്യം. പ്രവേശന ഭാഗത്ത് സുരക്ഷ പരിശോധന, ടിക്കറ്റിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനാകുമെന്നും അവർ വ്യക്തമാക്കി.
തൃപ്പൂണിത്തുറ അവഗണിക്കപ്പെടുന്നു’
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തൃപ്പൂണിത്തുറ സ്റ്റേഷൻ മുന്നിലാണ്. എന്നാൽ സ്റ്റോപ്പുകൾ പരിഗണിക്കുമ്പോൾ സ്റ്റേഷൻ അവഗണിക്കപ്പെടുന്നു. പകൽ സമയങ്ങളിൽ സർവീസ് നടത്തുന്ന കൂടുതൽ ട്രെയിനുകൾക്ക് തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് പരിഗണിക്കണം. 17229/30 ശബരി എക്സ്പ്രസ്, 16361/62 വേളാങ്കണ്ണി, 12625/26 കേരള എകസ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ രാവിലെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കുകൾക്ക് പരിഹാരമാകും. മെട്രോ സ്റ്റേഷനും ഇതിലൂടെ വരുമാനനേട്ടമുണ്ടാകും- അജാസ് വടക്കേടം (എക്സി. അംഗം, ഫ്രണ്ട്സ് ഓൺ റെയിൽസ്)
പ്ലാറ്റ്ഫോം ഉയരം കൂട്ടണം, ഇരിപ്പിടങ്ങൾ നവീകരിക്കണം
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ ഇരിപ്പിടങ്ങൾ പലതും കാലഹരണപ്പെട്ട നിലയിലാണ്. ഇത് മൂലം വൈകുന്നേരങ്ങളിൽ ഓവർ ബ്രിഡ്ജിന്റെ പടികളിലും പ്ലാറ്റ്ഫോമിന്റെ തറയിലും യാത്രക്കാർക്ക് വിശ്രമിക്കേണ്ടിവരുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചിട്ടില്ലെന്ന് യാത്രക്കാരിയായ സിമി ജ്യോതി അഭിപ്രായപ്പെട്ടു. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം പ്രായമായവർ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർ ട്രെയിനിൽ കയറിയിറങ്ങാൻ പ്രയാസപ്പെടുകയാണ്. രണ്ട് പ്ലാറ്റ് ഫോമിലും പൂർണമായും റൂഫ് ഒരുക്കുക, സ്റ്റേഷനിൽ ആർ.പി.എഫ് സേവനം ഉറപ്പാക്കുക, പ്രീപെയ്ഡ് ഓട്ടോ സൗകര്യം ഏർപ്പെടുത്തുക എന്നിവയും ആവശ്യങ്ങളാണ്. തിരുവനന്തപുരം സെൻട്രലിന് നേമവും കൊച്ചുവേളിയും പോലെ എറണാകുളം ജങ്ഷനിലെ ട്രെയിനുകളുടെ തിരക്ക് ഒഴിവാക്കാൻ തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ ആരംഭിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. ജങ്ഷനിലെ പ്ലാറ്റ്ഫോം ദൗർലഭ്യവും അതിലൂടെ പരിഹരിക്കാം.
മെട്രോ, റെയിൽവേ സ്റ്റേഷനുകൾ ബന്ധിപ്പിക്കുന്നതിനായി ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ തയാറാക്കി റെയിൽവേ അധികൃതർക്ക് കൈമാറിയ രൂപരേഖ


