Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവലിച്ചെറിഞ്ഞാൽ വലിയ...

വലിച്ചെറിഞ്ഞാൽ വലിയ വില കൊടുക്കേണ്ടിവരും

text_fields
bookmark_border
വലിച്ചെറിഞ്ഞാൽ വലിയ വില കൊടുക്കേണ്ടിവരും
cancel

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കി അധികൃതർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇത്തരം 3050 കേസുകളിലാണ് ജില്ലയിൽ നടപടി സ്വീകരിച്ചത്. കുറ്റക്കാരിൽ നിന്ന് ഈ കാലയളവിൽ 1,42,18,269 രൂപ പിഴയായും ഈടാക്കി. കേസുകളുടെ എണ്ണത്തിലും പിഴത്തുകയിലും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് എറണാകുളം ജില്ല. തിരുവനന്തപുരം, തൃശൂർ ജില്ലകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

കണ്ടെത്താൻ സ്ക്വാഡുകൾ

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ സേന യൂസർ ഫീ ഈടാക്കി അജൈവ മാലിന്യം ശേഖരിച്ചുവരുന്നുണ്ട്.

അജൈവ മാലിന്യ ശേഖരണത്തിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്), കണ്ടെയ്നർ എം.സി.എഫുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കി. ഇതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നു. എന്നിട്ടും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് വർധിച്ചതോടെയാണ് പഞ്ചായത്ത് രാജ്, നഗരസഭ നിയമങ്ങൾ ഭേദഗതി ചെയ്ത് നടപടികൾ സർക്കാർ കർശനമാക്കിയത്. ഇതിനായി ജില്ല, തദ്ദേശ സ്ഥാപന തലങ്ങളിൽ പ്രത്യേക എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു.

ജില്ലയിൽ 503 കാമറകൾ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി ഓരോ ജില്ലയിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ 96 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലായി 503 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം കാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ ഒട്ടേറെ കേസുകൾ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ ഏതൊരു കുറ്റകൃത്യവും പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യാം. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിശ്വസനീയ വിവരങ്ങൾ തെളിവ് സഹിതം നൽകുന്നവർക്ക് നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2500 രൂപ പാരിതോഷികം നൽകും.

പിഴ അര ലക്ഷം വരെ

2023 മാർച്ച് ഒന്നു മുതൽ കഴിഞ്ഞ ജനുവരി 28 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരിൽ നിന്നാണ് 1.42 കോടി പിഴയായി ഈടാക്കിയത്. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. 10,000 മുതൽ 50,000 രൂപ വരെ പിഴയും ആറ് മാസം മുതൽ ഒരു വർഷം വരെ തടവുമാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികളും നേരിടേണ്ടിവരും. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ അറിയിച്ച് മാലിന്യ സംസ്കരണത്തിന് ഫീസ് അടക്കണമെന്നും വ്യവസ്ഥയുണ്ട്.

Show Full Article
TAGS:Garbage price Kochi news 
News Summary - Throw It Away, Pay the Price
Next Story