ടി.ജെ. ജോൺ വിടവാങ്ങിയത് കാഴ്ചപരിമിതരുടെ ശാക്തീകരണമെന്ന സ്വപ്നവുമായി
text_fieldsകാഴ്ചപരിമിതരുടെ വിദ്യാലയത്തിൽ ടി.ജെ. ജോൺ അവസാനമായി പങ്കെടുത്ത പലഹാര പ്രദർശനത്തിൽ കുട്ടികൾക്കൊപ്പം
ആലുവ: കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയുടെ നെടുംതൂണായിരുന്ന ടി.ജെ. ജോണിന്റെ അപ്രതീക്ഷിത വിയോഗം മൂലമുണ്ടായ ദുഖത്തിലാണ് കാഴ്ചപരിമിതരുടെ വിദ്യാലയം. ദീർഘകാലം കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി സെക്രട്ടറിയായും ട്രഷററായും സ്കൂൾ ഫോർ ദ ബ്ലൈൻഡ് മാനേജറായും പ്രവർത്തിച്ച അദ്ദേഹം ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മരിക്കുന്നതിന്റെ തലേന്നും സ്കൂൾ പ്രധാനാധ്യാപികയെ ഫോണിൽ വിളിച്ച് സർക്കാറിൽനിന്നും ലഭിക്കേണ്ട ബോർഡിങ് ഗ്രാന്റ് ശരിയാക്കാൻ ഡി.ഇ.ഒ ഓഫിസിൽ പോകാൻ ഓർമിപ്പിച്ചിരുന്നു. എന്നാൽ, ഗ്രാന്റ് അനുവദിച്ച വിവരം അറിയുന്നതിന് മുമ്പ് അദ്ദേഹം യാത്രയായി. ബോയ്സ് ഹോസ്റ്റൽ ഉദ്ഘാടനം മാത്രമാണ് ഇനിയുള്ളത്. കാഴ്ചപരിമിതി നേരിടുന്ന വിദ്യാർഥികൾക്ക് സയൻസ്, ടെക്നോളജി, എൻജിനീയറിങ്, ഗണിത മേഖലകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ വിഷൻ എംപവർ എന്ന എൻ.ജി.ഒ ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് എക്സ്പെരിമെന്റ് സോൺ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ 90 ശതമാനവും സ്കൂൾ കാമ്പസിൽ പൂർത്തിയാക്കിയിട്ടുണ്ട്.
സ്പോർട്സ് അക്കാദമി ഫോർ വിഷ്വലി ഇംപയേഡ് എന്ന ആശയത്തിലാണ് ക്രിക്കറ്റ് സ്റ്റേഡിയവും സ്പോർട്സ് ഹോസ്റ്റലും പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായി ഇൻഡോർ ടർഫ് ഫുട്ബാൾ ഗ്രൗണ്ട് നിർമാണതിന് അനുമതി ലഭിച്ചിട്ടുണ്ട്. താൽക്കാലിക നീന്തൽക്കുളം സ്ഥാപിക്കാനുള്ള അനുമതി ലഭിക്കാനുള്ള നടപടികളിലായിരുന്നു ജോൺ. അതിന് ശേഷം ജിംനേഷ്യവും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. സ്പോർട്സ് കോംപ്ലക്സ് ഫോർ ഡിഫറന്റ്ലി ഏബിൾഡ് എന്ന വലിയ സ്വപ്നം യാഥാർഥ്യമാക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹം.


