ഇടപ്പള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്ക്; ഫ്ലൈഓവർ മേയിൽ പൂർത്തിയാകും
text_fieldsകൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നിർദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടെയും (ഫ്ലൈഓവർ-കം-അണ്ടർപാസ്) നിർമാണം മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഹൈബി ഈഡൻ എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എൻ.എച്ച്-66ന്റെ വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് കുറക്കാൻ 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവറുകൾ നിർമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവയുടെ സ്ട്രക്ചർ ജോലികൾ പൂർത്തിയായി.
ഫ്ലൈഓവറുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇടപ്പള്ളി പോലുള്ള പ്രധാന ജങ്ഷനുകളിലെ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉൾപ്പെടെ സ്ഥാപിക്കും.


