അവസാനിക്കാതെ യാത്രാദുരിതം; റേക്കുകൾ വർധിപ്പിക്കണം, ട്രെയിനുകളും
text_fieldsകൊച്ചി: തീരാദുരിതത്തിന്റെ കഥ പറയാനുണ്ട് ഒരുപറ്റം ട്രെയിൻ യാത്രികർക്ക്. തിങ്ങിനിറഞ്ഞ് ശ്വാസംകിട്ടാതെ ട്രെയിനിൽ കുഴഞ്ഞുവീഴുന്നവരുടെ, വന്ദേഭാരത് ഉൾപ്പെടെയുള്ളവക്ക് വഴിയൊരുക്കാൻ സ്റ്റേഷനുകളിൽ കാത്തുകിടക്കേണ്ടി വരുന്നവരുടെ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടിത്തളരുന്നവരുടെ ദുരിത കഥ. ആലപ്പുഴ, കോട്ടയം റൂട്ടുകളിലെ യാത്രക്കാർ വലിയ പ്രയാസമാണ് ഇത്തരത്തിൽ നേരിടുന്നത്. കൂടുതൽ മെമു, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നും നിലവിലുള്ളവയുടെ റേക്കുകൾ വർധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്.
ഉയർന്ന പണം മുടക്കി മറ്റ് ഗതാഗത മാർഗങ്ങൾ തേടാൻ വകയില്ലാത്തവരുടെ ആശ്രയമാണ് റെയിൽവേ. വിദ്യാർഥികൾ മുതൽ ദിവസ വേതനക്കാർ വരെയുള്ളവർക്ക് ട്രെയിനുകളിലെ യാത്ര വളരെയധികം പ്രധാനവുമാണ്. യാത്രാപ്രയാസങ്ങൾ പരിഹരിക്കാൻ അനുകൂല നടപടി വേണമെന്ന് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ്, ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത്കുമാർ എന്നിവർ ആവശ്യപ്പെട്ടു.
ഒറ്റപ്പാതയിലെ ഒരുപാട് പ്രയാസങ്ങൾ
ഒറ്റപ്പാതയിലൂടെ കൂകിപ്പായുന്ന തീവണ്ടികൾ, ദീർഘദൂര ട്രെയിനുകൾക്ക് കടന്നുപോകാൻ സ്റ്റേഷനുകളിൽ കാത്തുകിടക്കുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ, തിങ്ങിനിറഞ്ഞ ട്രെയിനുകൾക്കുള്ളിൽ വീർപ്പുമുട്ടി പ്രയാസപ്പെടുന്ന യാത്രക്കാർ, കഠിനമായ തിരക്കുകൾക്കിടെ കുഴഞ്ഞുവീഴുന്ന യാത്രികർ... ആലപ്പുഴ-എറണാകുളം റൂട്ടിലെ സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് പറയാനുള്ളത് വലിയ പ്രയാസങ്ങളുടെ കഥയാണ്.
വിദ്യാർഥികളും വ്യത്യസ്ത ജോലിക്കാരും ഉൾപ്പെടെ പ്രായഭേദമന്യേ നിരവധി യാത്രക്കാരാണ് ഇക്കൂട്ടത്തിലുള്ളത്. ആലപ്പുഴ മേഖലയിൽനിന്ന് രാവിലെ എറണാകുളത്തേക്ക് എത്താൻ പ്രധാനമായും യാത്രക്കാർ ആശ്രയിക്കുന്നത് 7.25ന് പുറപ്പെടുന്ന 66314 ആലപ്പുഴ-എറണാകുളം മെമുവാണ്. 12 കോച്ചുള്ള ഈ ട്രെയിൻ ഒമ്പതിന് എറണാകുളം ജങ്ഷനിലെത്തും. അതിനുശേഷം മറ്റൊരു പാസഞ്ചർ, മെമു ട്രെയിനുകളും രാവിലെ ഇല്ല. ഇതിനുമുമ്പുള്ള ഏറനാട് എക്സ്പ്രസ് 6.18ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്നതാണ്.
ഇത് 7.40 ആകുമ്പോൾ എറണാകുളത്തെത്തും. ഓഫിസ് ജീവനക്കാർക്കും മറ്റും ഈ ട്രെയിൻ സമയം കൂടുതൽ ഉപയോഗപ്പെടുത്താനാകുന്നതല്ല. മാത്രമല്ല, പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിന് സ്റ്റോപ്പുള്ളതെന്നതും ശ്രദ്ധിക്കണം. നിലവിലെ മെമുവിനുശേഷം ആലപ്പുഴ വഴി എറണാകുളത്തേക്ക് എത്തുന്ന ഒരു ട്രെയിൻ കൊല്ലത്തുനിന്ന് ആരംഭിക്കണമെന്നുള്ളതാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ നിലവിലെ മെമുവിന്റെ റേക്കുകളുടെ എണ്ണം 16 ആയി വർധിപ്പിക്കുകയും വേണം.
സ്റ്റോപ്പ് വേണം, ഈ ട്രെയിനുകൾക്ക്
ജൂൺ 15 മുതൽ പ്രാബല്യത്തിൽവന്ന മൺസൂൺ സമയക്രമ പ്രകാരം തിരുവനന്തപുരം നോർത്തിൽനിന്ന് പുലർച്ച 04.45ന് കേരള സമ്പർക് ക്രാന്തി എക്സ്പ്രസ് (12217), തിങ്കൾ, ശനി ദിവസങ്ങളിൽ അമൃത് സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483) ബുധൻ, യോഗ് നാഗരിക് ഹൃഷികേശ് (22659) വെള്ളി ദിവസങ്ങളിൽ ആലപ്പുഴ തീരദേശ പാതവഴി എറണാകുളം ഭാഗത്തേക്ക് സർവിസ് നടത്തുന്നുണ്ട്.
രാവിലെ 09.35ന് എറണാകുളം സൗത്തിലെത്തുന്ന ഈ സർവിസുകൾക്ക് തീരദേശപാതയിൽ ഓടിയെത്താൻ ഇരട്ടിയിലേറെ സമയമാണ് നൽകിയിരിക്കുന്നത്. ഈ ട്രെയിനുകൾക്ക് അമ്പലപ്പുഴ, ഹരിപ്പാട്, ചേർത്തല, തുറവൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചാൽ തിരക്കിന് ഒരുപരിധി വരെ ആശ്വാസമാകും.
വൈകീട്ട് 6.25ന് ആലപ്പുഴ വഴി പുറപ്പെടുന്ന എറണാകുളം-കായംകുളം മെമുവിലും വലിയ തിരക്കാണുള്ളത്. വന്ദേഭാരത് കടന്നുപോകുന്നതിനായി 6.35ന് കുമ്പളത്ത് പിടിച്ചിടുന്നതും പതിവാണ്. പലപ്പോഴും വീക്കിലി സ്പെഷൽ എക്സ്പ്രസുകൾകൂടി കടന്നുപോയ ശേഷമായിരിക്കും തുടർയാത്ര. ഈ സമയത്തും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പരിഹാരമാണ് ആവശ്യം
തിരക്കിനിടെ കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ കഥകൾതന്നെയാണ് കോട്ടയം ട്രെയിനുകളിലുള്ളവർക്കും പറയാനുള്ളത്. രാവിലെയും വൈകീട്ടും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യമാണ് അവർ ആവർത്തിക്കുന്നത്. മറ്റ് ദിവസങ്ങളിൽ ഉള്ളതിനേക്കാൾ ഇരട്ടിയോളമാണ് തിങ്കളാഴ്ച രാവിലെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരങ്ങളിലുമുള്ളത്. വൈകീട്ട് കോട്ടയം ഭാഗത്തേക്ക് എറണാകുളത്തുനിന്ന് വേണാട് എക്സ്പ്രസിന് മുമ്പ് ഒരു ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാണ്.
നിലവിൽ 1.55ന് എറണാകുളത്തുനിന്ന് യാത്ര തുടരുന്ന പരശുറാം എക്സ്പ്രസിനുശേഷം വൈകീട്ട് 5.20നുള്ള വേണാടാണ് പ്രധാന ആശ്രയം. ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രധാനമായും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങുകയും കയറുകയും ചെയ്യുക. പലപ്പോഴും ഇവിടെനിന്ന് ട്രെയിനുകളിൽ കയറാനാകാത്ത അത്രയും തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിനുമുമ്പ് 2.40ന് പുറപ്പെടുന്ന മെമു സർവിസുണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി.
ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. രാവിലെ കോട്ടയം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തുന്ന 06169 കൊല്ലം-എറണാകുളം മെമുവിൽ വലിയ തിരക്കാണ്. ട്രെയിനിന്റെ റേക്കുകളുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.