എൻ.ഡി.എ സഖ്യം; നിലനിൽപ് ഭീഷണിയിൽ ട്വന്റി20
text_fieldsതൊടുപുഴ: ജനക്ഷേമരാഷ്ട്രീയം ഉന്നയിച്ച് രൂപവത്കൃതമായ ട്വന്റി20 എൻ.ഡി.എ സഖ്യത്തിലെത്തിയതോടെ നിലനിൽപ് ഭീഷണിയിൽ. നേതൃതീരുമാനത്തിൽ പ്രതിഷേധിച്ച് വലിയൊരു വിഭാഗം പാർട്ടി വിടാനുള്ള തീരുമാനത്തിലാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് കിഴക്കമ്പലത്തെ വ്യവസായസ്ഥാപനമായ കിറ്റെക്സ് നേതൃത്വത്തിൽ ആരംഭിച്ച പ്രാദേശിക കൂട്ടായ്മയായിരുന്നു ട്വന്റി20.
സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘടന കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചതോടെയാണ് ശ്രദ്ധയാകർഷിച്ചത്. കിഴക്കമ്പലത്ത് ശക്തമായിരുന്ന കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളാണ് സംഘടനയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെത്തിച്ചത്. 2020ൽ കുന്നത്തുനാട്ടിലെ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ മത്സരിച്ച സംഘടന നാല് പഞ്ചായത്തും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനും ഒരുബ്ലോക്ക് പഞ്ചായത്തും സ്വന്തമാക്കി. ഇതോടെ സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പിൽ സജീവമായ ഘട്ടത്തിൽതന്നെ ഇവർക്കു പിന്നിൽ ബി.ജെ.പിയാണെന്ന ആക്ഷേപം ഇരുമുന്നണികളും ഉയർത്തിയിരുന്നു. എന്നാൽ, ട്വന്റി20 നേതൃത്വം അതെല്ലാം നിഷേധിക്കുകയായിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ കുന്നത്തുനാട് അടക്കം എട്ട് നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ചു. ഒരിടത്തും വിജയിക്കാനായില്ലെങ്കിലും ശ്രദ്ധേയമായ വോട്ട് പിടിച്ചു. ഇതിനുശേഷം കുന്നത്തുനാട് എം.എൽ.എയായ പി.വി. ശ്രീനിജിനും ട്വന്റി20 നേതാവായ സാബു ജേക്കബും തമ്മിലുള്ള പോര് പലപ്പോഴും പരിധിവിടുകയും ചെയ്തു. ഇതിനിടെയാണ് കേരളത്തിൽ നാലാംമുന്നണി പ്രഖ്യാപിച്ച് 2022 മേയ് 15ന് ആംആദ്മിയുമായി സഖ്യമായത്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ കിഴക്കമ്പലത്ത് നേരിട്ടെത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. എന്നാൽ, ഒരുവർഷം പോലും എത്തുംമുന്നേ സഖ്യം പൊളിഞ്ഞു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മുൻകാല പ്രകടനം പുറത്തെടുക്കാൻ സംഘടനക്ക് കഴിഞ്ഞില്ല. നാല് പഞ്ചായത്തിൽ ഭരണം ലഭിച്ചെങ്കിലും രണ്ടിടത്ത് കേവല ഭൂരിപക്ഷമില്ല. കൈവശമുണ്ടായിരുന്ന രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനും ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. ഇതിനിടെ ആഭ്യന്തര പ്രശ്നങ്ങളാൽ പഴയകാല പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് മാറുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുന്നത് വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ സഖ്യം. എൻ.ഡി.എ സഖ്യത്തിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നുണ്ട്. സജീവപ്രവർത്തകരടക്കം പലരും രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘടന ബാനറിൽ തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ചവരെല്ലാം പ്രതിസന്ധിയിലുമായി. ഇതേസമയം, രാജിവെക്കുന്നവരെ സ്വാഗതംചെയ്ത് കോൺഗ്രസും സി.പി.എമ്മും രംഗത്തുണ്ട്.


