Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപെരുമ്പാവൂരിൽ അജ്ഞാത...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത് കൂടുന്നു; സമഗ്രാന്വേഷണം വേണമെന്നാവശ്യം

text_fields
bookmark_border
പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത് കൂടുന്നു; സമഗ്രാന്വേഷണം വേണമെന്നാവശ്യം
cancel

പെരുമ്പാവൂർ: മേഖലയിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുന്നത് ആശങ്കക്കിടയാക്കുന്നു. ആൾപാർപ്പില്ലാത്ത പറമ്പുകളിലും പാലങ്ങൾക്കടിയിലുമായി കഴിഞ്ഞ ആറു മാസത്തിനിടെ കണ്ടെത്തിയത് 30ൽപരം അന്തർസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങളാണ്. പെരുമ്പാവൂർ, കുറുപ്പംപടി, കോടനാട് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് പ്രധാനമായും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. അമിത ലഹരി ഉപയോഗം മൂലമാണ് മരണമെന്നാണ് പൊലീസിന്റെ നിഗമനം. ചിലത് തിരിച്ചറിയുകയും ചിലത് അജ്ഞാത മൃതദേഹം എന്ന പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പി.പി. റോഡിൽ ബിവറേജസ് പരിസരം, ആൾപാർപ്പില്ലാത്ത പറമ്പുകൾ, റബർ തോട്ടങ്ങൾ, കെട്ടിടങ്ങളുടെ മുകൾഭാഗം, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾക്ക് അരികിൽ നിന്നും സിറിഞ്ചുകളും ലഹരിമരുന്നുകളും പൊലീസ് കണ്ടെടുത്ത സംഭവങ്ങളുമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം മൂന്ന് മൃതദേഹങ്ങളാണ് പാലക്കാട്ടുതാഴം പാലത്തിനടിയിലും ബിവറേജസ് ഔട്ട്ലെറ്റ് പരിസരത്തുമായി കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ടെത്തിയ മൃതദേഹങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

പാലക്കാട്ടുതാഴം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ സമഗ്രാന്വേഷണം വേണമെന്നും ഇതിനുപിന്നിൽ ലഹരി മാഫിയയുടെ ഇടപെടലുകളുണ്ടോ എന്ന് അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്. പാലക്കാട്ടുതാഴം പാലത്തിനടിയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലഹരിവസ്തുക്കൾ വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും പ്രധാന കേന്ദ്രമാണിത്. പകലും രാത്രിയുമില്ലാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കച്ചവടക്കാരും പാലത്തിനടിയിൽ തമ്പടിക്കുന്നുണ്ട്. പാലത്തിനടിയിൽ സുഖമായി കഴിയാനുള്ള സൗകര്യങ്ങൾപോലും ഇവർ ഒരുക്കിയിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. സംഘം ചേർന്ന് തമ്പടിക്കുന്നവരിൽ കുറ്റവാളികളുമുണ്ട്.നഗരസഭയുടെയും വാഴക്കുളം പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കണമെന്ന ആവശ്യം പലപ്പോഴും ബന്ധപ്പെട്ടവർ അവഗണിക്കുകയാണ്. പാലത്തിന്റെ താഴെ ആളുകൾ തമ്പടിക്കുന്നത് കർശനമായി തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സി.സി.ടി.വി സംവിധാനങ്ങളും അനുബന്ധ സുരക്ഷ സൗകര്യങ്ങളും ഒരുക്കണമെന്നും ആവശ്യം ശക്തമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:perumbavoor unidentified body investigation 
News Summary - Unidentified Bodies Rise in Perumbavoor; Probe Sought
Next Story