കൂടെ രക്ഷിതാക്കളില്ലാതെ ഒറ്റപ്പെട്ട കുരുന്നുകൾക്ക് കൂട്ടാകാൻ വെക്കേഷൻ ഫോസ്റ്റർ കെയർ
text_fieldsകൊച്ചി: ഇന്നോളം കാണാത്ത മാതാപിതാക്കൾ അവരുടെ കൈപിടിച്ചു, തലോടലേകി. കുടുംബാന്തരീക്ഷത്തിൽ അവധിക്കാലം ആസ്വദിക്കാനാകാത്തതിന്റെ വിരസതയിൽനിന്നും അവർ സന്തോഷത്തിന്റെ നാളുകളെ വരവേറ്റിരിക്കുകയാണ്. ഇനി രണ്ടുമാസം അവരോടൊപ്പം കളിചിരിയുടെ നാളുകൾ.
കൂട്ടുകാരൊക്കെ അവധിദിനങ്ങൾ ആസ്വദിക്കാൻ മാതാപിതാക്കളോടൊപ്പം പോകുമ്പോൾ അതിന് സാധിക്കാത്ത കുരുന്നുകൾക്കായി നടപ്പാക്കുന്ന ‘വെക്കേഷൻ ഫോസ്റ്റർ കെയർ’ പദ്ധതിക്കാണ് മികച്ച പ്രതികരണം ലഭിച്ചത്. ജില്ലയിൽ 11 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായത്. 13 അപേക്ഷകളാണ് ആകെയുണ്ടായിരുന്നത്.
വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്തതോ മാതാപിതാക്കളെ നഷ്ടപ്പെട്ടതോ ഒക്കെയായ കുട്ടികൾക്ക് കുടുംബാന്തരീക്ഷം അനുഭവിച്ചറിയാൻ മറ്റൊരു കുടുംബത്തിൽ പോറ്റിവളർത്തുന്ന പദ്ധതിയാണ് വെക്കേഷൻ ഫോസ്റ്റർ കെയർ. സർക്കാറിന്റെ ശിശുമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി വേനൽക്കാലത്ത് ഏപ്രിൽ, മേയ് മാസങ്ങളിലാണ് പദ്ധതിയൊരുക്കുന്നത്. കുടുംബമെന്ന ആഗ്രഹം സ്വപ്നങ്ങളിൽ മാത്രമൊതുങ്ങാറുള്ള കുട്ടികളെ അവധി ദിനങ്ങളിൽ ചേർത്തുപിടിക്കാൻ ദമ്പതികളായ അപേക്ഷകർക്കാണ് പദ്ധതി അവസരമൊരുക്കുന്നത്. കർശന അന്വേഷണങ്ങൾക്കു ശേഷമാണ് യോഗ്യരെന്ന് തിരിച്ചറിയുന്നവർക്കൊപ്പം രണ്ടുമാസത്തേക്ക് കുട്ടികളെ അയക്കുക. രണ്ട് മാസത്തേക്ക് മാത്രമുള്ള താൽക്കാലിക ദത്ത് നൽകൽ പദ്ധതിയാണിത്.
കുടുംബാന്തരീക്ഷം നൽകുക ലക്ഷ്യം
ആറ് മുതൽ 18 വരെയുള്ള പ്രായത്തിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇവർക്ക് ഭവനാന്തരീക്ഷം നൽകുകയെന്നതാണ് ലക്ഷ്യം. പലകുട്ടികളും വർഷങ്ങളായി സ്ഥാപനങ്ങളിൽ മാത്രം കഴിയുന്നവരാണ്. ഇവർക്ക് കുടുംബാന്തരീക്ഷത്തെക്കുറിച്ച് അറിയില്ല. മാതാപിതാക്കളുള്ള കുട്ടികളും ഇത്തരം സ്ഥാപനങ്ങളിലുണ്ട്.
എന്നാൽ, പലവിധ കാരണങ്ങളാൽ അവർക്ക് സ്വന്തം വീടുകളിലേക്ക് പോകാൻ കഴിയാറില്ല. ഇത്തരം കുട്ടികളും പദ്ധതിയുടെ ഭാഗമാണ്. 35 വയസ്സ് പൂർത്തിയായ ഏതൊരു ദമ്പതികൾക്കും ഈ പദ്ധതി പ്രകാരം കുട്ടികളെ പോറ്റിവളർത്താൻ അപേക്ഷ സമർപ്പിക്കാം. നിലവിൽ സ്വന്തം കുട്ടികൾ ഉള്ളവർക്കും അപേക്ഷിക്കാം.
കർശന പരിശോധനയും അന്വേഷണവും
കർശന പരിശോധനകളും അന്വേഷണങ്ങളും നടത്തിയാണ് അപേക്ഷകരിൽനിന്നും യോഗ്യരെ തെരഞ്ഞെടുക്കുക. അപേക്ഷകർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ ജില്ല ശിശുസംരക്ഷണ ഓഫിസർക്ക് സമർപ്പിക്കണം. രേഖകൾ പരിശോധിച്ച ശേഷം ജില്ല ശിശുസംരക്ഷണ യൂനിറ്റിൽനിന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കും. ഇതിലൂടെ അപേക്ഷകർ യോഗ്യരാണെന്ന് വ്യക്തമായാൽ മാത്രമേ തുടർനടപടികൾ പരിഗണിക്കുകയുള്ളൂ.
അപേക്ഷകരുടെ വരുമാന സർട്ടിഫിക്കറ്റും പരിശോധനക്ക് വിധേയമാക്കും. കുട്ടികളെ സംരക്ഷിക്കാനുള്ള സാഹചര്യങ്ങൾ കുടുംബത്തിനുണ്ടോ എന്ന് തിരിച്ചറിയാൻ വേണ്ടിയാണിത്. പൊലീസ് കേസുകളിൽ ഉൾപ്പെട്ടവരെ ഒരു കാരണവശാലും ഉൾപ്പെടുത്തില്ല.
ശ്രദ്ധേയം, പദ്ധതിയോടുള്ള പ്രതികരണം
മുൻവർഷങ്ങളിലേതു പോലെ തന്നെ ശ്രദ്ധേയമായ പ്രതികരണമാണ് പദ്ധതിയോട് ഇത്തവണയും ജില്ലയിലുണ്ടായതെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.എസ്. സിനി ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കുട്ടിയെ ഏറ്റെടുത്ത ഒരു അപേക്ഷകൻ ഇത്തവണയും വീണ്ടുമെത്തിയിരുന്നു. ഇദ്ദേഹത്തിലൂടെ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കി കൂടുതൽ അപേക്ഷകരെത്തുകയും ചെയ്തു.
സാധാരണക്കാരായ രക്ഷിതാക്കൾ നിരവധി പദ്ധതിയുടെ ഭാഗമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുൻവർഷങ്ങളിലെ അപേക്ഷകർ വീണ്ടും കുട്ടികളെ ഏറ്റെടുക്കാൻ ഇത്തവണയും എത്തിയെന്ന് നോൺ ഇൻസ്റ്റിറ്റ്യൂഷനൽ കെയർ പ്രൊട്ടക്ഷൻ ഓഫിസർ സ്റ്റൈസി മാഞ്ഞൂരാനും വ്യക്തമാക്കി.