അർധരാത്രി ആർത്തലച്ചെത്തി; പ്രളയകാലം പോലെ തമ്മനം
text_fieldsഅപകടം നടന്ന സ്ഥലത്തുനിന്ന് മണ്ണും ചളിയും നീക്കം ചെയ്യുന്നു
കൊച്ചി: 2018ലെയും 2019ലെയും പ്രളയത്തിനു സമാനമായിരുന്നു തിങ്കളാഴ്ച പുലർച്ച രണ്ടര മുതൽ തമ്മനം കുത്താപ്പാടി പ്രദേശത്തെ കാഴ്ച. വീടുകളിലും പറമ്പിലുമെല്ലാം നിറയെ വെള്ളം. തമ്മനത്തെ ഇരട്ട കുടിവെള്ള ടാങ്കിലൊന്ന് തകർന്നുമൂലം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പ്രദേശമാകെ ഒഴുകിപ്പരന്നു. തൊട്ടടുത്ത വീടുകളിലേക്ക് മലവെള്ളപ്പാച്ചിൽ പോലെ വെള്ളവും ചളിയും ഇരച്ചുകയറിയത് ഉറക്കത്തിലായിരുന്ന പലരും അറിഞ്ഞില്ല. പൊളിഞ്ഞ ടാങ്കിനോട് ചേർന്ന് താമസിച്ചിരുന്ന തൈക്കൂട്ടത്തിൽ ജൂഡിത്ത് ജോർജാണ് അപകട വിവരം ആദ്യമറിഞ്ഞത്. എന്തോ വലിയ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്ന് അവർ പറഞ്ഞു. ഇരുനില വീടിന്‍റെ മുകൾ നിലയിലായിരുന്നു താമസം. വീട്ടിലേക്ക് വെള്ളം ഇരച്ചുകയറുന്നതു കണ്ട ജൂഡിത്ത് ഉടൻ മക്കളെയും അയൽവീട്ടുകാരെയുമെല്ലാം വിളിച്ചുണർത്തി. അപ്പോഴേക്കും സമീപത്തെ വീടുകളിൽ വെള്ളം നിറഞ്ഞിരുന്നു. കല്ലും മണ്ണും ചളിയും വീടുകളിലേക്ക് അടിച്ചുകയറി.
1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിൽ അപകടസമയത്ത് 1.15 കോടി ലിറ്ററിലധികം വെള്ളമാണ് ഉണ്ടായിരുന്നത്. പലരും മഴവെള്ളമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വൈകാതെ ടാങ്ക് തകര്‍ന്നതാണെന്ന് വ്യക്തമായെന്ന് പ്രദേശവാസികള്‍ പറയുന്നു. പുലര്‍ച്ചയായതിനാല്‍ ആളുകള്‍ അറിയാന്‍ വൈകിയത് ദുരിതം ഇരട്ടിപ്പിച്ചു. 40 വർഷത്തിലേറെ പഴക്കമുള്ള ടാങ്കാണ് തകർന്നത്. 24 മണിക്കൂറും പമ്പിങ് നടക്കുന്ന സ്റ്റേഷനാണിത്. കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേക്കുമുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. വെള്ളത്തിന്‍റെ ശക്തി മൂലം ഇവിടത്തെ മതിലുകളുൾപ്പെടെ പൂർണമായും തകർന്നു. പത്ത് വീടുകൾക്കും കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് കാര്യമായ തകരാർ സംഭവിച്ചത്. ആരോഗ്യ കേന്ദ്രത്തിലെ മരുന്നുകളും സാമഗ്രികളുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചു.
ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷ എന്നിവയെല്ലാം കുത്തൊഴുക്കിൽ മുന്നോട്ടുനീങ്ങി. രാത്രിയായതിനാലാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും പകലായിരുന്നെങ്കിൽ ഓർക്കാൻകൂടി കഴിയില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ടാങ്കിനു സമീപത്തെ അടുത്തിടെ നവീകരിച്ച റോഡൊന്നാകെ തകർന്നു. ഇവയെല്ലാം അടിയന്തരമായി നേരെയാക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


