തുടച്ചുനീക്കണം, അഴിമതിക്കറ
text_fieldsകൊച്ചി: അർഹതപ്പെട്ട സേവനങ്ങൾ പൊതുജനത്തിന് ലഭ്യമാക്കേണ്ട സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരായി മാറുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. ഉയർന്ന വരുമാനവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ലഭ്യമാകുമ്പോഴും പാവപ്പെട്ടവന്റെ പോക്കറ്റിലേക്ക് നീളുന്ന തിന്മയുടെ കരങ്ങൾക്ക് നിയമപരമായ നടപടി വൈകരുതെന്ന പൊതുവികാരം ശക്തമാണ്.
മൂന്നര വർഷത്തിനിടെ 44 അഴിമതി കേസുകളും എട്ട് ട്രാപ്പ് കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തതായാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസിന്റെ പിടിയിലാകുന്ന ഉദ്യോഗസ്ഥർ സേവന രംഗത്തിന് തന്നെ കളങ്കമായി മാറുകയാണ്. ജില്ലയിൽ നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൈക്കൂലിയായി മദ്യം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർ, ഗോഡൗണിന് എൻ.ഒ.സി നൽകാൻ കൈക്കൂലി വാങ്ങിയ കോർപറേഷൻ ജീവനക്കാർ, സ്ഥിരം സമിതി അധ്യക്ഷരുടെ പേരിൽ കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടർ, 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരൊക്കെ കുടുങ്ങിയത് സമീപ ദിവസങ്ങളിലാണ്.
‘സീറോ ടോളറൻസ് ടു കറപ്ഷൻ’
അഴിമതി തുടച്ചുനീക്കാൻ ‘സീറോ ടോളറൻസ് ടു കറപ്ഷൻ’ എന്ന നയം നടപ്പിലാക്കുന്നതിന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നുണ്ട്. സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, മറ്റ് പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലാസുകൾ, ബോധവത്കരണ റാലികൾ, ലഘുനാടകങ്ങൾ, സമൂഹമാധ്യമങ്ങൾ വഴിയുള്ള ബോധവത്കരണവും നൽകുന്നുണ്ട്.
ഓർത്തിരിക്കാം നമ്പറുകൾ
അഴിമതി, കൈക്കൂലി എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കുന്നതിന് ടോൾഫ്രീ നമ്പർ (1064, 8592900900), വാട്സാപ്പ് നമ്പർ (9447789100) എന്നിവയും നിലവിലുണ്ട്.
കർശന നടപടികൾ
അഴിമതിയും കൈക്കൂലിയും പൂർണമായി ഇല്ലാതാക്കുന്നതിന് അഴിമതി നിരോധന നിയമം അനുസരിച്ച് വിജിലൻസ് വകുപ്പ് ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. പരാതികളിൽ അവയുടെ സ്വഭാവമനുസരിച്ച് രഹസ്യാന്വേഷണം, സത്വരാന്വേഷണം, പ്രാഥമികാന്വേഷണം, വിജിലൻസ് അന്വേഷണം, മിന്നൽപരിശോധന, ട്രാപ്പുകൾ എന്നിവ നടത്തുന്നുണ്ട്. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യേണ്ടവയിൽ അത്തരത്തിലും നടപടിയെടുക്കുന്നു. സസ്പെൻഷൻ, മറ്റ് വകുപ്പ് തല നടപടികൾ എന്നിങ്ങനെയുമുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്യുകയും സർക്കാർ സ്ഥാപനങ്ങളിലെ അപാകതകൾ സംബന്ധിച്ച സോഴ്സ് റിപ്പോർട്ടുകളിന്മേൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധനകൾ നടത്തിയും ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നു.
സംസ്ഥാനത്തെ മിക്ക വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം നിലവിലുണ്ട്. സർക്കാർ ഫണ്ടുകൾ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആഭ്യന്തര-വിജിലൻസ് സംവിധാനം ഉപയോഗിച്ച് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് തെളിയുന്ന ഘട്ടത്തിൽ ആവശ്യമെങ്കിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് കൈമാറി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നു.
വിവിധ വകുപ്പുകളും അഴിമതിക്കേസുകളും
വകുപ്പ്, അഴിമതിക്കേസുകളുടെ എണ്ണം, ട്രാപ്പ് കേസുകളുടെ എണ്ണം
◆ വനംവകുപ്പ്, നാല്, പൂജ്യം
◆ തദ്ദേശ സ്വയംഭരണ വകുപ്പ്, 11, നാല്
◆ സിവിൽ സപ്ലൈസ്, രണ്ട്, പൂജ്യം
◆ എക്സൈസ്, രണ്ട്, പൂജ്യം
◆ മലിനീകരണ നിയന്ത്രണ ബോർഡ്, മൂന്ന്, പൂജ്യം
◆ പൊതുമരാമത്ത്, രണ്ട്, ഒന്ന്
◆ സഹകരണ വകുപ്പ്, അഞ്ച്, പൂജ്യം
◆ വാട്ടർ അതോറിറ്റി, ഒന്ന്, ഒന്ന്
◆ റവന്യൂ, മൂന്ന്, ഒന്ന്
◆ കേന്ദ്ര തൊഴിൽ മന്ത്രാലയം, പൂജ്യം, ഒന്ന്
◆ കെ.എസ്.ഇ.ബി, ഒന്ന്, പൂജ്യം
◆ ദേവസ്വം, ഒന്ന്, പൂജ്യം
◆ പൊലീസ്, നാല്, പൂജ്യം
◆ ലോട്ടറി, ഒന്ന്, പൂജ്യം
◆ ക്ഷീര വികസനം, ഒന്ന്, പൂജ്യം
◆ എസ്.സി/എസ്.ടി, ഒന്ന്, പൂജ്യം
◆ മൈനിങ് ആൻഡ് ജിയോളജി, രണ്ട്, പൂജ്യം
ആകെ 44, എട്ട്