വളർത്തുനായയെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsകോലഞ്ചേരി: വളർത്തുനായ് കുരച്ചതിൽ ദേഷ്യം തീർക്കാൻ അയൽവാസിയുടെ വീട്ടിൽ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിലായി. കടയിരുപ്പ് എഴിപ്രം കറുത്തേടത്ത് പീടിക കറുത്തേടത്ത് കെ.യു. ഗീവർഗീസിനെയാണ് (62) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അയൽവാസിയായ അനൂപിന്റെ വളർത്തുനായ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുരച്ചതാണ് ഗീവർഗീസിനെ പ്രകോപിപ്പിച്ചത്. കമ്പിവടിയുമായി അനൂപിന്റെ വീട്ടിലെത്തിയ ഇയാൾ കുട്ടികളുടെയും ഭാര്യയുടെയും മുന്നിലിട്ട് നായയെ അടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
തടയാനെത്തിയ ഭാര്യയെയും കുട്ടികളെയും ഉപദ്രവിച്ചതോടെ ഇവർ കൂട്ടക്കരച്ചിലായി. കരാർ ജോലിക്കാരനായ അനൂപ് സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. നാലുമാസം മുമ്പ് അനൂപിന്റെ വീട്ടിൽ വന്നുകയറിയ ക്രോസ് ഇനത്തിൽപെട്ട നായയെ ഉടമ എത്താത്തതിനാൽ ഇവർ സംരക്ഷിച്ച് വളർത്തുകയായിരുന്നു. മുഴുസമയവും വീട്ടിൽതന്നെ കഴിയുന്ന നായ് വീടിന്റെ കാവൽ ഏറ്റെടുത്തതോടൊപ്പം കുട്ടികളുടെ പ്രിയ കളിക്കൂട്ടുകാരനുമായി. അതിനിടയിലാണ് അക്രമം നടന്നത്.
ഗുരുതരാവസ്ഥയിലായ നായയെ മൂവാറ്റുപുഴയിലെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കും കാലിനും ഗുരുതര പരിക്കുണ്ട്. ഇതുസംബന്ധിച്ച് അനൂപിന്റെ ഭാര്യ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.