പുനർനിർമാണ കാത്തിരിപ്പിന് ഏഴ് വർഷം; മഹാ പ്രളയത്തിൽ തകർന്ന തൂക്കുപാലം
text_fieldsതമ്മാനിമറ്റം തൂക്കു പാലം ( ഫയൽ ഫോട്ടോ)
കോലഞ്ചേരി: ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കുറിയെങ്കിലും തമ്മാനിമറ്റം തൂക്ക് പാലം പുനർനിർമിക്കുമോയെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. 2018ലെ മഹാ പ്രളയത്തില്‍ തകര്‍ന്ന പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം തൂക്കുപാലം പുനര്‍നിര്‍മാണമാണ് അനിശ്ചിതമായി നീളുന്നത്. നിരവധി തവണ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമുണ്ടായെങ്കിലും പുനർനിർമാണം മാത്രം നടന്നില്ല.
റീബില്‍ഡ് കേരള പദ്ധതിയില്‍ നിന്ന് 5.3 കോടി അനുവദിച്ചെങ്കിലും തുടർനടപടികൾക്ക് ഒച്ചിന്റെ വേഗതയായിരുന്നു. പാലം പുനര്‍നിര്‍മിക്കാന്‍ 2.16 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് 5.3 കോടിരൂപക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
കുന്നത്തുനാട്, പിറവം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന തമ്മാനിമറ്റം തൂക്കു പാലം തകര്‍ന്നിട്ട് ഏഴ് വര്‍ഷമായി. രാമമംഗലം, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് തമ്മാനിമറ്റം കടവില്‍ പാലം പൂര്‍ത്തിയായത് 2013ലാണ്. അടുത്ത വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ പാലം ചരിഞ്ഞു. പുഴയിലൂടെ ഒഴുകിവന്ന കൂറ്റന്‍ മരങ്ങള്‍ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞുപോയത്.
പാലം നിര്‍മിച്ച കെല്കമ്പനി തന്നെ കേടുപാടുകള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കി. എന്നാല്‍ 2018 ലെ മഹാപ്രളയം പാലം പൂര്‍ണമായും പിഴുതെടുത്തു. പാലത്തിന്റെ തമ്മാനിമറ്റം കരയിലെ തൂണ് തകര്‍ന്ന് ഛിന്നഭിന്നമായി. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തൂക്കു പാലം പണിയാന്‍ ആദ്യം ഫണ്ട് അനുവദിച്ചത്.
ആദ്യ പ്രളയത്തില്‍ പാലം തകര്‍ന്നപ്പോള്‍ ഈ ഫണ്ടില്‍ നിന്നും തുകയനുവദിച്ചാണ് അറ്റകുറ്റപണി നടത്തിയത്. ഇവിടെ പാലം വന്നതോടെ പുഴയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ കടത്തു സര്‍വീസ് നിലച്ചിരുന്നു. പാലം തകർന്നതോടെ വര്‍ഷങ്ങളായി ദുരിതത്തിലായ ഇരുകരകളിലെയും സാധാരണക്കാര്‍ ഇക്കുറിയെങ്കിലും നടപടികൾ വേഗത്തിലാകുമോയെന്ന കാത്തിരിപ്പിലാണ്.