ജില്ല പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിൽ പോരാട്ടം പൊടിപാറുന്നു
text_fieldsജൂബിൾ ജോർജ് (എൽ.ഡി.എഫ്), ബെന്നി പുത്തൻവീടൻ (യു.ഡി.എഫ്), നൈസൺ ജോൺ (എൻ.ഡി.എ)
കോലഞ്ചേരി: ജില്ല പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിൽ പോരാട്ടം പൊടിപാറുകയാണ്. ഇടത് മുന്നണിക്കായി സി.പി.എമ്മിലെ യുവ മുഖം ജൂബിൾ ജോർജും യു.ഡി.എഫിനു വേണ്ടി കോൺഗ്രസിലെ ബെന്നി പുത്തൻവീടനും നേർക്കുനേർ പോരാടുമ്പോൾ അടിയൊഴുക്കുകളിൽ പ്രതീക്ഷ വച്ച് ട്വന്റി-20 സ്ഥാനാർഥി ജോളി ജേക്കബ്ബും ശക്തി തെളിയിക്കാൻ ബി.ജെ.പിയുടെ നൈസൺ ജോണും സജീവമായിട്ടുണ്ട്. സ്ഥാനാർഥിത്വം ഉറപ്പിച്ച് ഇടത് സ്ഥാനാർഥി ജൂബിൾ ജോർജ് പ്രചാരണരംഗത്ത് മുന്നിലെത്തിയ ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസിന്റെ കൈയ്യിലാണ് ഡിവിഷൻ .
വടവുകോട് പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളും പാങ്കോട്, പുതൃക്ക ബ്ലോക്ക് ഡിവിഷനുകളുമാണ് പുത്തൻകുരിശ് ഡിവിഷനിൽ ഉൾപ്പെടുന്നത്. കാർഷിക, വ്യവസായിക മേഖലകളാണ് ഡിവിഷനിലേറെയും.
മെട്രോ നഗരിയും ഇൻഫോപാർക്കുമായി അതിർത്തി പങ്കിടുന്നുണ്ട്. അതുകൊണ്ടാണ് സിവിൽ സർവീസ് ട്രെയിനറും പ്രൊഫഷനലും വടവുകോട് ബ്ലോക്കിലെ സിറ്റിങ്ങ് അംഗവുമായ ജൂബിളിനെ തന്നെ സി.പി.എം രംഗത്തിറക്കിയത്. വെല്ലുവിളി തിരിച്ചറിഞ്ഞ് ഏറെ ചർച്ചകൾക്കൊടുവിൽ നിലവിലെ പഞ്ചായത്തംഗവും മുതിർന്ന നേതാവുമായ ബെന്നിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. കന്നിയങ്കത്തിനിറങ്ങിയ ട്വന്റ -20 ഉയർത്തുന്ന വെല്ലുവിളിയും ശ്രദ്ധേയമാണ്.


