കോലഞ്ചേരി ബൈപാസ്: സർവേ നടപടി തുടങ്ങി
text_fieldsകോലഞ്ചേരി ബൈപാസിന് ഏറ്റെടുക്കുന്ന ഭൂമിയിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നു
കോലഞ്ചേരി: കോലഞ്ചേരി ബൈപാസിനുള്ള സർവേ നടപടികൾ ആരംഭിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ദേശീയപാതക്ക് സമാന്തരമായി വരുന്ന ബൈപാസിന് ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നടപടികളാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ.
സർവേ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് 1.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. അലെയ്ൻമെന്റ്, വളവുകൾ അടക്കം തീരുമാനിച്ച് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന് കൈമാറും. ഏകദേശം 2.5 കി.മീറ്ററാണ് നിർദിഷ്ട ബൈപാസിന്റെ നീളം. ദേശീയപാതയിലെ കഴുനിലം വളവു മുതല്‍ തോന്നിക്ക വരെയുള്ള പാതക്ക് 23 മീറ്ററാണ് വീതി കണക്കാക്കുന്നത്. പി.വി. ശ്രീനിജിന്‍ എം.എൽ.എയുടെ ഇടപെടലുകളെ തുടര്‍ന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.
ദേശീയപാതയിലെ പത്താംമൈല്‍ മുതല്‍ കടമറ്റം നമ്പ്യാര്‍പടി വരെയുള്ള ആറു കി.മീ. സമാന്തര ബൈപാസ് വേണമെന്നാണ് എം.എല്‍.എ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ കഴുനിലം മുതല്‍ തോന്നിക്ക വരെയുള്ള സർവേ നടപടികളാണ് ആരംഭിച്ചത്.
പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എൻജിനീയർ സജീലയുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.