പതിനായിരംകടന്ന് കുടുംബശ്രീ ഓണസദ്യ
text_fieldsകോലഞ്ചേരി: പരമ്പരാഗത രുചിക്കൂട്ടിന്റെ പെരുമയുമായി പതിനായിരം കടന്ന് കുടുംബശ്രീ ഓണസദ്യ. സംരംഭകർക്കായി പുതിയ വിപണനസാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് ഇക്കുറി കുടുംബശ്രീ സംസ്ഥാനതലത്തിൽ ഓണസദ്യ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കകം അധികൃതരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന രീതിയിലാണ് ഓണസദ്യ മലയാളി ഏറ്റെടുത്തത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബശ്രീ ജില്ലയിൽ വിളമ്പിയത് 4,890 ഓണസദ്യയാണ്. 28 ഓർഡറുകളിലായാണ് ഇത്രയുംപേർക്ക് സദ്യ വിളമ്പിയത്.
65 ഓർഡറുകളിലൂടെ പതിനായിരം പേർക്കുള്ള സദ്യക്കാണ് ഇതുവരെ ആവശ്യക്കാരെത്തിയത്. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ അടക്കമുള്ളവയിലാണ് സദ്യ വിളമ്പിയത്. രണ്ടുദിവസമെങ്കിലും മുൻകൂറായി ഓർഡർ നൽകണം. എത്തിച്ചുനൽകുന്നതിന് വാഹനവും വിളമ്പി നൽകുന്നതിന് സഹായികളെയും നൽകുമെങ്കിലും ഇതിന് പ്രത്യേക നിരക്ക് ഈടാക്കുന്നുണ്ട്.
ജില്ലയിലെ തെരഞ്ഞെടുത്ത കുടുംബശ്രീ സംരംഭകരടങ്ങിയ 39 യൂനിറ്റുകളിലാണ് ഇതിനുപിന്നിൽ. ബ്ലോക്ക് തലത്തിലെ കാൾ സെൻററുകളിലെ നമ്പറുകളിലാണ് ആവശ്യക്കാർ വിളിക്കേണ്ടത്. 21 കൂട്ടം കറികളും മൂന്ന് തരം പായസവുമടക്കം വാഴയിലയിൽ നൽകുന്ന സദ്യക്ക് 280 രൂപയാണ് നിരക്ക്. ഇത് 180 മുതൽ തുടങ്ങുന്നുണ്ട്. എണ്ണമനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ട്. ജില്ല കോഓഡിനേറ്റർ ടി.എം.റജീന, അസി. മിഷൻ കോഓഡിനേറ്റർ കെ.സി. അനുമോൾ, പ്രോഗ്രാം മാനേജർ സെയ്തുമുഹമ്മദ് അടക്കമുള്ളവർ പദ്ധതി ഏകോപിപ്പിക്കുന്നു.