ഡോക്ടർമാരില്ല; കടയിരുപ്പ് സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് ദുരിതം
text_fieldsകടയിരുപ്പ് ആശുപത്രിയിലെത്തിയ രോഗികൾ
കോലഞ്ചേരി: ഡോക്ടർമാരില്ലാത്തതിനാൽ കടയിരുപ്പ് സർക്കാർ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. ഒരു കാലത്ത് ജില്ലയിൽതന്നെ ഏറ്റവും ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. നിലവിൽ അഞ്ച് ഡോക്ടർമാരാണുള്ളത്.
ഇതിൽ ഒരാളെ ബ്ലോക്ക് പഞ്ചായത്തും മറ്റൊരാളെ എൻ.എച്ച്.എമ്മും നിയമിക്കുന്നതാണ്. എന്നാൽ, ഡോക്ടർമാർ മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ എത്താത്തതാണ് രോഗികളെ വലക്കുന്നത്. ബുധനാഴ്ചകളിൽ കുത്തിവെയ്പുകളും പാലിയേറ്റിവ് രോഗികൾക്ക് മരുന്ന് വിതരണവും നടത്തുന്നുണ്ട്. വ്യാഴാഴ്ചകളിലാണ് എൻ.സി.ഡി ക്ലിനിക് പ്രവർത്തിക്കുന്നത്.
എന്നാൽ, ഈ ദിവസങ്ങളിൽ രണ്ട് ഡോക്ടർമാരാണ് ഡ്യൂട്ടിയിലുള്ളത്. അതിനാൽ മരുന്ന് വാങ്ങാനെത്തുന്ന പാലിയേറ്റിവ് രോഗികളും കൂട്ടിരിപ്പുകാരും ദുരിതം അനുഭവിക്കുന്നു. ദിവസങ്ങളായി ഈ വിഭാഗം രോഗികളുടെ മരുന്ന് വിതരണവും നിലച്ചു.
ഡോക്ടർമാർക്ക് പുറമേ, ആറ് നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉണ്ടങ്കിലും നാളുകളായി ഇവിടെ കിടത്തിച്ചികിത്സയില്ല. 20 ബെഡുകളും രോഗികളെ കിടത്തിച്ചികിത്സിക്കാനുളള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതിന് പുറമേയാണ് പോസ്റ്റ്മോർട്ടം സൗകര്യം നിർത്തലാക്കിയത്.
ഇതോടെ, പോസ്റ്റ്മോർട്ടം കേസുകൾ മൂവാറ്റുപുഴ, പെരുമ്പാവൂർ, കളമശ്ശേരി അടക്കം ആശുപത്രികളിലേക്കാണ് കൊണ്ടുപോകുന്നത്. കുന്നത്തുനാട് മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഡി.എം.ഒക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.


