അനധികൃത മണ്ണെടുപ്പ്; സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
text_fieldsപാങ്കോട് ജി.എൽ.പി.എസിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ നിലയിൽ
കോലഞ്ചേരി: സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണെടുത്തതിനെ തുടർന്ന് പാങ്കോട് ജി.എൽ.പി.സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. സ്കൂൾ അവധിയായതിനാൽ അപകടം ഒഴിവായി.
സ്കൂൾ മതിലിനോട് ചേർന്ന് മുപ്പത് അടി ഉയരത്തിൽ മണ്ണ് മാറ്റിയതോടെ സ്കൂൾ മതിലും കെട്ടിടവും അപകടാവസ്ഥയിലായിട്ട് രണ്ട് മാസത്തോളമായി. എന്നാൽ, പഞ്ചായത്ത് - റവന്യൂ അധികൃതർ കണ്ട ഭാവം നടിച്ചില്ല. ഇടവേളക്കുശേഷം മഴ കനത്തതോടെയാണ് മതിൽ ഇടിഞ്ഞത്. നൂറിലധികം കുട്ടികളാണ് സ്കൂളിലുള്ളത്. മതിൽ ഇടിഞ്ഞു വീണതോടെ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും തൊട്ടു പിന്നിലുള്ള പ്രധാന കെട്ടിടവും അപകടാവസ്ഥയിലായി. പ്രൈമറി വിഭാഗം കുട്ടികളെ താൽക്കാലികമായി മറ്റ് ക്ലാസ് മുറികളിലേക്ക് മാറ്റി. സ്കൂളിലെ ഏക സ്മാർട്ട് ക്ലാസും ഈ കെട്ടിടത്തിലാണ്.
2018ൽ വീടുവെക്കാനായി സ്ഥല ഉടമ പെർമിറ്റെടുത്തിരുന്നു. പലതവണ മണ്ണെടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പി.ടി.എയുടെയും എതിർപ്പിനെ തുടർന്ന് നടന്നില്ല. കഴിഞ്ഞ ജൂലൈയിൽ അവധി ദിനങ്ങൾ മറയാക്കി രാത്രിയും പകലുമായി മണ്ണെടുത്ത് മാറ്റുകയായിരുന്നു. തൊട്ടടുത്ത ഭൂമിയിൽനിന്ന് 3.7 മീറ്ററും റോഡിൽ നിന്ന് 1.7 മീറ്ററും വിട്ടാണ് മണ്ണ് മാറ്റേണ്ടിയിരുന്നത്. എന്നാൽ, ഇതൊന്നും പാലിച്ചില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പി.വി. ശ്രീനിജിൻ എം.എൽ.എ പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, പഞ്ചായത്ത് സെക്രട്ടറി, എൻജിനീയർ എന്നിവരെ സ്കൂളിൽ വിളിച്ചു വരുത്തി. സ്ഥല ഉടമയും എത്തിയിരുന്നു. മണ്ണെടുത്ത് മാറ്റിയ ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിക്കാതെ കെട്ടിടം സുരക്ഷിതമാവില്ലെന്ന് യോഗം വിലയിരുത്തി. ലക്ഷങ്ങൾ മുടക്കിയാൽ മാത്രമാണ് നിർദിഷ്ട പ്രദേശത്ത് സംരക്ഷണ ഭിത്തി നിർമിക്കാനാകൂ. അത്ര തുക മുടക്കാൻ തന്റെ പക്കൽ പണമില്ലെന്നാണ് ഉടമ പറയുന്നത്. ദുരന്തനിവാരണ നിയമപ്രകാരം സംഭവം സംബന്ധിച്ച് ജില്ല കളക്ടർ അന്വേഷണത്തിന് നിർദേശം നൽകി. മണ്ണെടുത്ത് മാറ്റിയ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ സ്ഥല ഉടമയ്ക്ക് നിർദേശം നൽകിയെന്ന് ഐക്കരനാട് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.