അധികൃതരുടെ അനാസ്ഥ; പാടശേഖരം തരിശായി
text_fieldsതരിശുകിടക്കുന്ന തട്ടേക്കാട്- വേങ്ങമറ്റം പാടശേഖരം
കൂത്താട്ടുകുളം: തിരുമാറാടി തട്ടേക്കാട് ചിറ പുനർനിർമാണം ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥമൂലം തട്ടേക്കാട്- വേങ്ങമറ്റം പാടശേഖരണം പൂർണമായും തരിശായി കിടക്കുന്നു. പഴയ ചിറ നിലനിർത്തി കൃഷിക്ക് തടസ്സമുണ്ടാകാത്തവിധം പുതിയ ചിറയുടെ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു പാടശേഖര സമിതിയുടെ നിർദേശം. ഇത് പരിഗണിക്കാതെ പഴയ ചിറ പൊളിച്ചുനീക്കുകയും പുതിയതിന്റെ പൂർത്തിയാക്കാൻ കഴിയാതെ വന്നതുമാണ് കർഷകർക്ക് വിനയായത്.
പുതിയ ചിറയുടെ നിർമാണ ഘട്ടത്തിൽ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിർമാണം തുടരുകയായിരുന്നു. രണ്ട് കൂപ്പ് കൃഷി ചെയ്തിരുന്ന പാടശേഖരം വർഷങ്ങളായി ഒരു കൂപ്പ് കൃഷിയിലേക്ക് ചുരുങ്ങിയിരുന്നു.
മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി വരുന്ന ഈ ചിറ പൂർത്തിയായിരുന്നെങ്കിൽ നിരവധി പാടശേഖരങ്ങൾ തരിശിടേണ്ടി വരുമായിരുന്നില്ലെന്ന് കർഷകർ പറയുന്നു. എത്രയും വേഗം അപാകതകൾ പരിഹരിച്ച് കൃഷി സജ്ജമാക്കണമെന്നാണള കൃഷിക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.