വനിത എസ്.ഐയെ കാർ ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം; പോക്സോ കേസ് പ്രതിയെ പിടികൂടി
text_fieldsപ്രതി ആകാശ്
കൂത്താട്ടുകുളം: എസ്.ഐയെയും പൊലീസുകാരെയും കാറിടിച്ച് വീഴ്ത്തി രക്ഷപ്പെടാനുള്ള പോക്സോ കേസ് പ്രതിയുടെ ശ്രമം വിഫലമായി. സംഭവത്തിൽ കൂത്താട്ടുകുളം സ്റ്റേഷനിലെ വനിത എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് മുങ്ങിനടന്ന മുളക്കുളം അവർമ്മ സ്വദേശി കാപ്പിക്കരയിൽ ആകാശിനെ (24) പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്.ഐ ശാന്തി കെ.ബാബു, പൊലീസ് ഉദ്യോഗസ്ഥരായ ആർ. രജീഷ്, ബിജു ജോൺ, ജയേഷ് നന്ദകുമാർ, പി.വി. അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ചയാണ് സംഭവം. കോട്ടയം പെരുവയിൽ പ്രതി ആകാശ് ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പൊലീസിന്റെ നീക്കം മനസ്സിലാക്കിയ ആകാശ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. കാർ പിന്തുടർന്ന് തടഞ്ഞശേഷം ജീപ്പിൽനിന്ന് ഇറങ്ങിയ വനിത എസ്.ഐയെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് വാഹനവുമായി പ്രതി രക്ഷപ്പെട്ടു.
പരിക്ക് വകവെക്കാതെ കൂടുതൽ പൊലീസ് സംഘത്തിന്റെ സഹായത്തോടെ വീണ്ടും പ്രതിയെ എസ്.ഐ പിൻതുടർന്നു. ഇടക്കോലിക്ക് സമീപം വെച്ച് പൊലീസ് വാഹനങ്ങൾ തടസ്സം സൃഷ്ടിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
വീണ്ടും പ്രതി കാറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂടുതൽ പൊലീസുദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയായിരുന്നു. കൂത്താട്ടുകുളം, പാലാ സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പരിക്കേറ്റ ഉദ്യോഗസ്ഥർ പാലാ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. 2019 ലെ പോക്സോ കേസിലെ പ്രതിയാണ് പിടിയിലായ ആകാശ്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.