പാലക്കുഴ പഞ്ചായത്തിൽ സി.പി.എമ്മിൽ വിഭാഗീയത
text_fieldsകൂത്താട്ടുകുളം: കിഴക്കൻ മേഖലയിലെ കൂത്താട്ടുകുളം ഏരിയാ കമ്മറ്റിയിൽ ഉൾപ്പെടുന്ന പാലക്കുഴ പഞ്ചായത്തിൽ സി.പി.എമ്മിൽ വിഭാഗീയത. ലോക്കൽ കമ്മറ്റിക്കെതിരെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ പരസ്യമായി രംഗത്ത് വന്നു. സംഭവത്തെ തുടർന്ന് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ബിജു, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബ് അടക്കം ഒമ്പത് സി.പി.എം. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പാർട്ടി അച്ചടക്കനടപടി ഒരുങ്ങുകയാണ്.
ലോക്കൽ സെക്രട്ടറി ജോഷി സ്കറിയയെ വ്യക്തിഹത്യ നടത്തിയെന്ന കാരണത്താലാണ് നടപടി ആരംഭിച്ചത്. ഇവർക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ വെക്കുകയും ഒമ്പതുപേരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വലിയ കുഴപ്പങ്ങളില്ലാതെ ലോക്കൽ-ഏരിയാ- ജില്ല സമ്മേളനങ്ങൾ പൂർത്തിയാക്കി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി തലത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചപ്പോഴാണ് വിഭാഗീയത തുടങ്ങിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ ഏരിയാ സെക്രട്ടറിയായിരുന്ന ഷാജു ജേക്കബ് സമൂഹ മാധ്യമങ്ങളിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് പരാമർശം ഉന്നയിച്ചെന്ന കാരണത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് തിരിച്ചെടുത്തത്.
-പാലക്കുഴ സർവ്വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ ജില്ല നേതൃത്വം ഇടപെട്ട് ഷാജു ജേക്കബിനെ മത്സരിപ്പിക്കുകയും ഏറ്റവും കൂടുതൽ വോട്ട് നേടി ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷാജുവിനെ മത്സരിപ്പിക്കുന്നതിനെ പാലക്കുഴ ലോക്കൽ കമ്മറ്റിയും സെക്രട്ടറി ജോഷി സ്കറിയയും എതിർത്തിരുന്നു. ലോക്കൽ കമ്മറ്റിയുടെ ഈ നിലപാട് പാലക്കുഴയിൽ സി.പി.എമ്മിൽ കടുത്ത വിഭാഗീയതക്ക് കാരണമായി. ഇതിന്റെ അനന്തരഫലങ്ങളാണ് പാലക്കുഴയിൽ സംഭവിച്ചത്. പാർട്ടി നേതൃത്വത്തിനെതിരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ രംഗത്തെത്തിയിട്ടുണ്ട്. ഇവർ ജില്ല സംസ്ഥാന കമ്മറ്റികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.