കോളനിയിൽ അക്രമം: പൊലീസുകാരുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
text_fieldsസാബു മോഹനൻ,
സുബി സാബു
കൂത്താട്ടുകുളം: കെ.ആർ. നാരായണൻ ഹൗസിങ് കോളനിയിൽ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. കോളനിയിൽ താമസിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോരക്കുഴി കാളശ്ശേരിയിൽ സാബു മോഹനൻ (56), മകൻ സുബി സാബു (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ഹരിജൻ കോളനിയുടെ അറ്റകുറ്റപ്പണി കരാറെടുത്ത പള്ളിക്കര നടയ്ക്കൽ എം.ബി. അലിയെ പ്രതികൾ ഇരുമ്പുവടിയും പാറക്കല്ലുകളും ഉപയോഗിച്ച് മർദിക്കുകയും അദ്ദേഹത്തിന്റെ കാർ തകർക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് എത്തിയ പൊലീസുകാരെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. കരാറുകാരനൊപ്പം ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളിക്കും മർദനമേറ്റു. കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്.ഐ ഷിബു വർഗീസ്, സീനിയർ പൊലീസ് കോൺസ്റ്റബിൾ ആർ. േരജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ അലി സ്വകാര്യ ആശുപത്രിയിലും പൊലീസ് ഉദ്യോഗസ്ഥനായ ആർ. രേജീഷ് കൂത്താട്ടുകുളം ഗവ. ആശുപത്രിയിലും ചികിത്സ തേടി.
പ്രകോപനമൊന്നുമില്ലാതെയാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് അലി പറഞ്ഞു. പ്രതികളുടെ പേരിൽ കൂത്താട്ടുകുളം സ്റ്റേഷനിൽ ആറ് കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.