ജില്ല സ്കൂൾ കായിക മേളക്ക് കൊടിയിറങ്ങി; ചാമ്പ്യൻ‘മാർ’ ബേസിൽ, കോതമംഗലം...
text_fieldsജില്ല സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ കോതമംഗലം ഉപ ജില്ല
കോതമംഗലം: അട്ടിമറികൾക്ക് വകയില്ലാതെ എറണാകുളം ജില്ലാ കായികമേളയിൽ തുടർച്ചയായി 22ാം വർഷവും കിരീടം നേടി കോതമംഗലം ഉപജില്ല. 35 സ്വർണം, 26 വെള്ളി, 13 വെങ്കലം എന്നിവ നേടി 267 പോയിൻറുമായാണ് കോതമംഗലം ചാമ്പ്യൻ സ്ഥാനം നിലനിർത്തിയത്. സ്കൂളുകളിൽ ചാമ്പ്യൻപട്ടം നേരത്തെ ഉറപ്പിച്ച കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിന്റെയും നാലാം സ്ഥാനം നേടിയ കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്സിന്റെയും കരുത്തിലാണ് കോതമംഗലം മേളയിൽ തിളങ്ങിയത്. എന്നാൽ മുൻ വർഷത്തെക്കാൾ ഉപജില്ല പോയിന്റ് നില പിന്നിലായി. പോയവർഷം 368 പോയിൻറുമായാണ് കോതമംഗലം കിരീടത്തിൽ മുത്തമിട്ടത്.
അങ്കമാലി ഉപജില്ലയാണ് റണ്ണറപ്പ്. 217 പോയൻറുണ്ട്. 26 സ്വർണം, 10 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് പട്ടികയിലെ രണ്ടാം സ്ഥനക്കാരുടെ മെഡലുകൾ. മൂക്കന്നൂർ എസ്.എച്ച് ഓർഫനേജ് സ്കൂളിന്റെ മികവിലാണ് അങ്കമാലി റണ്ണറപ്പായത്. പോയവർഷത്തേക്കാൾ 55 പോയിൻറ് ഇവർ മെച്ചപ്പെടുത്തി. മൂന്നാം സ്ഥാനം പെരുമ്പാവൂർ നിലനിർത്തി. ഏഴ് വീതം സ്വർണവും വെള്ളിയും 11 വെങ്കലവുമടക്കം 75 പോയിൻറാണ് പെരുമ്പാവൂരിന്. നാല് സ്വർണവും, ഒമ്പത് വെള്ളിയും, ഏഴ് വെങ്കലവും നേടി 65 പോയിൻറ് ലഭിച്ച വൈപ്പിൻ നാലാമതുണ്ട്.
സ്കൂളുകളുടെ പട്ടികയിൽ പതിവ് പോലെ 209 പോയിന്റുമായി മാർ ബേസില് ഒന്നാം സ്ഥാനം നേടിയപ്പോൾ 52 പോയിന്റുള്ള മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച്.എസ് രണ്ടാം സ്ഥാനം സ്വന്തമാക്കി. 48 പോയിന്റോടെ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസ് മൂന്നാമതായി. കോതമംഗലം ഉപജില്ലക്ക് പോയിന്റ് കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ 24 പോയിന്റ് മെച്ചപ്പെടുത്തിയാണ് മാർ ബേസിൽ കിരീടം ചൂടിയത്.
തുടർച്ചയായി റണ്ണറപ്പായിരുന്ന കീരംപാറ സെൻറ് സ്റ്റീഫൻസിന് സ്പോർട്സ് ഹോസ്റ്റലുകളെ പോയിൻറ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ രണ്ടാം സ്ഥാനം നഷ്ടമായി. രണ്ടാം ദിനം അവസാനിക്കുമ്പോൾ 70 പോയിൻറ് ഉണ്ടായിരുന്ന കീരംപാറക്ക് ഇതോടെ 41 പോയിന്റായി നാലാം സ്ഥാനത്തെക്ക് ചുരുങ്ങേണ്ടി വന്നു.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും മാർ ബേസിൽ തന്നെയാണ് ഒന്നാമത്. ആൺകുട്ടികളിൽ 118 പോയിന്റുണ്ട്. 25 പോയിന്റോടെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് രണ്ടാമതും 21 പോയിന്റുമായി സെന്റ് സ്റ്റീഫൻസ് കീരംപാറ മൂന്നാമതുമായി. പെൺകുട്ടികളുടേതിൽ 91 പോയിന്റാണ് മാർബേസിലിന്. 43 പോയിന്റോടെ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസ് രണ്ടാംസ്ഥാനം നേടി. 34 പോയിന്റുമായി മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച്.എസ് മൂന്നാമതെത്തി.
അഞ്ച് ദിവസങ്ങളിലായി നടന്ന മേളയിൽ ആകെയുണ്ടായത് ഒരു റെക്കോർഡ് മാത്രം. സബ്ജൂനിയർ 200 മീറ്ററിൽ എഡിസൺ മനോജാണ് പുതിയസമയം കുറിച്ചത്. ഇതൊഴികെ റെക്കാർഡ് പ്രകടനങ്ങൾ ഒന്നുമുണ്ടായില്ല. ചില ഇനങ്ങളിൽ പങ്കെടുക്കാൻ ടീമുകളും മത്സരാർഥികളുമുണ്ടായില്ല. മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.
പോയിന്റ് നില
ഉപജില്ല പോയിന്റ്
കോതമംഗലം 267
അങ്കമാലി 217
പെരുമ്പാവൂർ 75
വൈപ്പിൻ 65
കോലഞ്ചേരി 57
സ്കൂൾ പോയിന്റ്
മാർ ബേസിൽ എച്ച്.എസ്.എസ് 209
സേക്രഡ് ഹാർട്സ് ഓർഫനേജ് എച്ച്.എസ് 52
ഷാലേം എച്ച്.എസ് 48
സെൻറ് സ്റ്റീഫൻസ് എച്ച്.എസ്.എസ് 41
സെന്റ് പീറ്റേഴ്സ് വി.എച്ച്.എസ്
ആൻഡ് എച്ച്.എസ്.എസ് 33


