75 ആണ്ട് പിന്നിട്ട് ഇരമല്ലൂർ പബ്ലിക് ലൈബ്രറി
text_fieldsകോതമംഗലം: 75 ആണ്ട് നാടിന് അക്ഷര വെളിച്ചം പകർച്ച ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ശനിയാഴ്ച് തുടക്കമാകും. ജൂബിലി ആഘോഷം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.കെ. സുരേഷ് ബാബു മുഖ്യാതിഥിയാകും.
1950ൽ ശ്രീ വിലാസം വായനശാല എന്ന പേരിൽ രൂപം കൊണ്ട ഗ്രന്ഥശാല 1956ൽ ഇരമല്ലൂർ പബ്ലിക് ലൈബ്രറി എന്ന് പുനർ നാമകരണം ചെയ്ത് പുതിയ പ്രവർത്തകരെ ചേർത്ത് പ്രവർത്തനം വിപുലീകരിച്ചു. ഡോ. എ.എം.എൻ. നായർ, ടി.എം. മീതിയൻ, പി.കെ. കൃഷ്ണൻകുഞ്ഞി തുടങ്ങിയവർ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1964ൽ എൽ.പി സ്കീമിൽ ഉൾപ്പെടുത്തി ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും ധന സഹായത്തോടെ സ്വന്തമായി കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുകയും ലൈബ്രറി അവിടെ തുടരുകയും ചെയ്തു. 1988ൽ സർക്കാർ ഗ്രാന്റും പൊതു ജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയും ചേർത്ത് നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ.കെ. നായനാർ നിർവഹിച്ചു.
ഗ്രന്ഥശാലയുടെ ഈ മന്ദിരത്തോട് ചേർന്ന് കിടന്നിരുന്ന ഭൂമിയിൽ എം.എൽ.എ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തി 2008ൽ പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണം ആരംഭിക്കുകയും 2010ൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി താഴത്തെ നിലയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ജില്ലയിലും താലൂക്കിലും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലക്ക് ലൈബ്രറി കൗൺസിലിൽ നിന്ന് മികച്ച ഗ്രന്ഥശാലക്കുള്ള നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1500 ലധികം അംഗങ്ങളും 14000ൽ പരം ഗ്രന്ഥ ശേഖരവുമുള്ള ‘ബി’ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇരമല്ലൂർ പബ്ലിക് ലൈബ്രറി. ലൈബ്രറിയോടനുബന്ധിച്ച് ബാലവേദി, വനിതാ വേദി, എന്നിവ പ്രവർത്തിച്ചു വരുന്നു. പി.എസ്.സി കോച്ചിങ് ക്ലാസ് ഇവിടെ നടത്തുന്നുണ്ട്. നിലവിൽ എം.എം. കുഞ്ഞുമൈതീൻ പ്രസിഡന്റും പ്രിൻസ് രാധാകൃഷ്ണൻ സെക്രട്ടറിയുമാണ്.