കാട്ടാനക്കൂട്ടം വീട് തകർത്തു
text_fieldsകാട്ടാനക്കൂട്ടം തകർത്ത വീട്
കോതമംഗലം: മാമലകണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. മാമലകണ്ടം ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡെനീഷിന്റെ പിതാവ് ജോസഫാണ് ഇവിടെ താമസിച്ചിരുന്നത്. ചികിത്സ കഴിഞ്ഞ് മടങ്ങിയ ജോസഫ് കഴിഞ്ഞ രാത്രി ഡെനീഷിന്റെ വീട്ടിലാണ് താമസിച്ചത്. തിങ്കളാഴ്ച വീട്ടിലെത്തുമ്പോൾ വീട്ടുമുറ്റത്തും പരിസരത്തും ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.
ആനക്കൂട്ടത്തെ തുരത്തിയ ശേഷം നോക്കിയപ്പോഴാണ് വീടിനകത്തും ആന കടന്നതായി കണ്ടത്. എട്ടു മാസത്തിനിടെ നാലാം തവണയാണ് ഈ വീടിന് നേരേ ആനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ വീട് തീര്‍ത്തും വാസയോഗ്യമല്ലാതായി. ഇക്കുറി വീടിന്റെ മൂന്നു ജനല്‍പാളികളും ഭിത്തിയും തകര്‍ത്തു.
വീടിനകത്ത് കയറി കട്ടിലും വീട്ടുസാധനങ്ങളും നശിപ്പിച്ചു. മൂന്ന് പ്രാവശ്യം ആനക്കൂട്ടം വീട് തകര്‍ത്തിട്ടും വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി പോയതല്ലാതെ നഷ്ടപരിഹാരം നൽകിയിട്ടില്ല. വനം വകുപ്പ് അധികാരികളുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കുട്ടമ്പുഴ റെയ്ഞ്ച് ഓഫിസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഡെനീഷ് പറഞ്ഞു.


