ബാങ്കിന്റെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത് നിർമാണത്തിലെ ക്രമക്കേടു കൊണ്ടോ? ആരോപണവുമായി കോൺഗ്രസ് മണ്ഡലം കമ്മറ്റി
text_fieldsതകർന്നുവീണ കെട്ടിടം
കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് ആയുർവേദ ടൂറിസം പദ്ധതിക്കായി നിർമിക്കുന്ന പ്രധാന കെട്ടിടം തകർന്നുവീണു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അപകടസമയം ഈ കെട്ടിടത്തിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 30 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചിരുന്നില്ല. ഇരുമ്പു ഷീറ്റ് മേയുന്നതിനുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പില്ലറുകളും ബീമുകളും ഇരുമ്പു തൂണുകളും നിലംപൊത്തി. ഭിത്തി നിർമിച്ചിരുന്ന സിമന്റ് കട്ടകൾ ചിതറി വീണു. പെരിയാറിന്റെ തീരത്തു രണ്ടര ഏക്കറിൽ ആറ് കെട്ടിടങ്ങളാണ് പദ്ധതിക്കായി നിർമാണത്തിലുള്ളത്. അമ്പതോളം തൊഴിലാളികൾ നിർമാണ സ്ഥലത്തുണ്ടായിരുന്നു. അപകടസമയം മറ്റു കെട്ടിടങ്ങളിൽ തൊഴിലാളികളുണ്ടായിരുന്നു.
ഈ കെട്ടിടത്തിലെ തൊഴിലാളികൾ ഈ സമയം ചായ കുടിക്കാൻ മാറിയതാണ് ദുരന്തത്തിൽപ്പെടാതിരുന്നത്. കോഴിക്കോട് ആസ്ഥാനമായ മലബാർ കൺസ്ട്രക്ഷൻസിനാണ് 15.5 കോടി രൂപയുടെ പദ്ധതിയുടെ നിർമാണം കരാർ നൽകിയിരിക്കുന്നത്. 50 ശതമാനത്തിൽ താഴെ നിർമാണ പ്രവൃത്തികളാണ് പൂർത്തിയായിരുന്നത്. തകർച്ചയുടെ കാരണം വ്യക്തമല്ലെന്നും കരാർ കമ്പനി പരിശോധിച്ചു വരികയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
‘നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണം’
കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് നടപ്പാക്കുന്ന ആയുർവേദ ടൂറിസം പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി. നിർമാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണം. മാനദണ്ഡങ്ങൾ പാലിക്കാതെ കടലാസ് കമ്പനിക്ക് കരാർ നൽകിയ സി.പി.എം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയുടെ നടപടി നൂറ് ശതമാനം അഴിമതി നിറഞ്ഞതാണെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കെട്ടിടത്തിന്റെ തകർച്ച.
നിർമാണത്തിലെ അഴിമതിയിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനു പരാതി നൽകും. തിങ്കളാഴ്ച രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫിസിലേക്ക് മാർച്ച് നടത്തും. പ്രസിഡന്റ് ജയ്മോൻ ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, എം.എസ്. റസാഖ്, ജോയ് അറയ്ക്കക്കുടി, നൗഷാദ് ബോബിന, അജി കരിമ്പനയ്ക്കൽ, ജോസ് മണിമരുതുംചാൽ എന്നിവർ സംസാരിച്ചു.