കോഴിപ്പിള്ളി-തങ്കളം ബൈപാസ് നിർമാണം: വീടുകൾ അപകടാവസ്ഥയിൽ
text_fieldsകോതമംഗലം: കോഴിപ്പിള്ളി-തങ്കളം ബൈപാസ് രണ്ടാംഘട്ട നിർമാണത്തിന്‍റെ ഭാഗമായി മണ്ണ് നീക്കുന്നതിനിടെ അപകടസ്ഥിതിയിലായി വീടുകൾ. സംരക്ഷണ ഭിത്തി നിർമാണത്തിനായി ആറു മാസം മുമ്പ് മണ്ണ് എടുക്കുകയും തുടർന്ന് നിർമാണം നടക്കാതെ പോകുകയും ചെയ്തു. നിർമാണം പുനരാംഭിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച വീണ്ടും മണ്ണ് മാറ്റാൻ തുടങ്ങിയതോടെ പള്ളിച്ചിറ എൽസി കുഞ്ഞുമോന്‍റെ വീട് അപകടാവസ്ഥയിലായി. ഇതേതുടർന്ന് 12 കുടുംബങ്ങൾ ദുരിതത്തിലായി.
ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി ലയൺസ് ക്ലബിന്‍റെ വശത്തുകൂടി എം.എ കോളജ് ഭാഗത്തേക്ക് പോകുന്ന റോഡ് മുറിച്ചതോടെയാണ് ദുരിതം ആരംഭിച്ചത്. സംരക്ഷണഭിത്തി നിർമാണത്തിനായി വശങ്ങളിൽ നിന്ന് മണ്ണ് നീക്കിയതോടെ നിലവിലെ റോഡിന്‍റെ വീതി കുറയുകയും ചെറുവാഹനങ്ങൾപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലായി. ഈ വീടുകളിൽ കഴിയുന്ന വയോധികരായ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും കഴിയാത്ത സ്ഥിതിയാണ്.
ഇത്തരം സാഹചര്യം നിലനിൽക്കെയാണ് നിർമാണം പുനരാരംഭിച്ചപ്പോൾ മണ്ണിടിച്ചിൽ ഉണ്ടാവുകയും കൂടുതൽ ദുരിത്തിലാവുകയും ചെയ്തിരിക്കുന്നത്. ഈ കുടുംബങ്ങൾക്ക് പുറത്തേക്ക് കടക്കാനാവശ്യമായ സൗകര്യം ഒരുക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതരെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. നിർമാണം പൂർത്തിയാക്കുന്നത് വരെ സമീപത്തെ നഗരസഭ റോഡിലേക്ക് എളുപ്പത്തിൽ കടക്കാവുന്ന രീതിയിൽ കുറഞ്ഞ ചെലവിൽ റോഡ് ഒരുക്കാൻ കഴിയുമെന്ന് വീട്ടുകാർ പറയുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ പൊതുമരാമത്ത് എക്സി. എൻജിനീയർക്ക് നിവേദനം നൽകിയിരിക്കുകയാണ്.


