ഓട്ടത്തിനിടെ ബസിൽനിന്ന് കണ്ടക്ടര്‍ തെറിച്ചുവീണു
text_fieldsകോതമംഗലം: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ കണ്ടക്ടര്‍ക്ക് പരിക്ക്. പോത്താനിക്കാട് പുളിന്താനം പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. സംഭവത്തില്‍ കണ്ടക്ടര്‍ പോത്താനിക്കാട് പടയാട്ടില്‍ അരുണ്‍ ബിജുവിന്റെ (കണ്ണൻ) കാലിന് പരിക്കേറ്റു. കാളിയാര്‍-മൂവാറ്റുപുഴ റൂട്ടില്‍ സർവിസ് നടത്തുന്ന ‘ശ്രീലക്ഷ്മി’ ബസിലെ കണ്ടക്ടറാണ് അരുൺ.
ബസ് പാലത്തിലെ കൊടുംവളവിൽ അമിത വേഗത്തിൽ വരുന്നതിനിടെ തുറന്ന് കിടന്ന മുൻവാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ടിക്കറ്റ് മെഷീനും പണമടങ്ങിയ ബാഗും റോഡിലേക്ക് വീണു. മുന്നോട്ട് പോയ ബസ് നിര്‍ത്തി ഓടി എത്തിയവര്‍ പരിക്കേറ്റ അരുണിനെ ആശുപത്രിയിലാക്കി. ഈ റൂട്ടിൽ മിക്ക ബസുകളും വാതിൽ തുറന്നിട്ടാണ് സര്‍വിസ് നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
രണ്ട് മാസം മുമ്പാണ് ഇതേ ബസ് ആയങ്കരയില്‍ പാചക വാതക ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാക്കിയത്. അന്ന് 30ഓളം പേർക്ക് പരിക്കേറ്റിരുന്നു. 2020ൽ ഇതേ റൂട്ടിൽ ബസിൽനിന്ന് തെറിച്ചുവീണ് ഒരു സ്ത്രീ മരണപ്പെടുകയും ചെയ്തിരുന്നു.


